സോമനാഥിനെ സിപിഎം പുറത്താക്കി
ദില്ലി : പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച് ലോക്‍സഭാ സ്പീക്കര്‍ സ്ഥാനം രാജിവെയ്ക്കാന്‍ വിസമ്മതിച്ച സോമനാഥ് ചാറ്റര്‍ജിയെ സിപിഎം പുറത്താക്കി.
സിപിഎം പൊളിറ്റ് ബ്യൂറോ അടിയന്തരമായി യോഗം ചേര്‍ന്നാണ് ചാറ്റര്‍ജിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടി സ്പീക്കര്‍ സ്ഥാനത്തെ ബാധിക്കില്ല.
പാര്‍ട്ടിയുടെ ആജന്മശത്രുവായ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരെ തനിക്ക് വോട്ടു ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് ചാറ്റര്‍ജി രാജിക്ക് വിസമ്മതിച്ചത്. സിപിഎം നേതൃത്വം ആവര്‍ത്തിച്ച് രാജിയാവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയിരുന്നില്ല.
സിപിഎമ്മിന്റെ ഏറ്റവും മുതിര്‍ന്ന നേതാവായ ജ്യോതിബസു നേരില്‍ ആവശ്യപ്പെട്ടിട്ടുപോലും പാര്‍ട്ടി തീരുമാനം അനുസരിക്കാന്‍ സോമനാഥ് തയ്യാറായില്ല.
1968ല്‍ പാര്‍ട്ടി അംഗമായ സോമനാഥ് ചാറ്റര്‍ജിയെന്ന 79കാരന്‍, പത്തു തവണ ലോക്‍സഭാ അംഗമായിരുന്നിട്ടുണ്ട്. പശ്ചിമബംഗാളിലെ ബേല്‍പൂര്‍ ലോക്‍സഭാ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. 1971 മുതല്‍ സ്ഥിരമായി ലോക്‍സഭയിലേയ്ക്ക് മത്സരിക്കുന്ന ചാറ്റര്‍ജി, 1984ല്‍ ജാദവ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മമതാ ബാനര്‍ജിയോട് പരാജയപ്പെട്ടിരുന്നു.
സിപിഎമ്മിന്റെ കേന്ദ്രക്കമ്മിറ്റി അംഗമായിരിക്കെയാണ് അദ്ദേഹം ലോക്‍സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ കേന്ദ്രക്കമ്മിറ്റിയില്‍ നിന്ന് സിപിഎം ഒഴിവാക്കി.
അതേ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ വിസമ്മതിച്ച് സോമനാഥ് ചാറ്റര്‍ജിയെന്ന അതികായന്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്തു പോവുന്ന കാഴ്ചയും രാജ്യം കാണുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications