കുട്ടികള്‍ നെറ്റില്‍ മോഷണം നടത്തിയാല്‍ ശിക്ഷ രക്ഷിതാക്കള്‍ക്ക്
ലണ്ടന്‍: കുട്ടികള്‍ ഇന്റര്‍നെറ്റില്‍ നിന്നും നിയമവിരുദ്ധമായി പാട്ടുകളും സിനിമകളും ഡൗണ്‍ലോഡ് ചെയ്‌താല്‍ രക്ഷിതാക്കള്‍ ശിക്ഷിക്കപ്പെടുമെന്ന് മുന്നറിയിപ്പ്.
ബ്രിട്ടീഷ് സര്‍ക്കാറാണ് മാതാപിതാക്കള്‍ക്ക് ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്റര്‍നെറ്റിലൂടെയുള്ള നിയമവിരുദ്ധ ഡൗണ്‍ലോഡിംഗ് വ്യാപകമായതിനെത്തുടര്‍ന്നാണ് അധികൃതര്‍ ഇത്തരമൊരു നടപടിയ്‌ക്കു മുതിര്‍ന്നിരിക്കുന്നത്.
നിയമവിരുദ്ധമായി ഡൗണ്‍ലോഡിംഗ് നടത്തുന്ന വീടുകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ഓണ്‍ലൈന്‍ നിരീക്ഷണത്തിന് വിധേയമാക്കുകയും ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.
കുറ്റകൃത്യം ചെയ്യുന്ന ഉപഭോക്താക്കള്‍ നിരീക്ഷണത്തിലാണെന്ന് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ആദ്യം അറിയിപ്പ് നല്‍കും. രണ്ടാംഘട്ടമായാണ് പിഴ ഈടാക്കുന്നത്.
ഇപ്പോഴത്തെ രീതിയില്‍ അനധികൃത ഡൗണ്‍ലോഡിംഗ് തുടരുകയാണെങ്കില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനിലെ സംഗീതവ്യവസായത്തിന് മാത്രം 100കോടി പൗണ്ട്( 8500കോടി രൂപ) നഷ്ടമുണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഐപോഡ്, ഡിജിറ്റല്‍ മ്യൂസിക് പ്ലെയര്‍ എന്നിവ സ്വന്തമായുള്ള കൗമാരക്കാരുടെ ഇടയില്‍ നടത്തിയ സര്‍വ്വേയില്‍ ഒരാള്‍ ശരാശരി 842 പാട്ടുകള്‍ ഇന്റര്‍നെറ്റില്‍ നിന്നും നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനെത്തുടര്‍ന്നാണ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.












Click it and Unblock the Notifications