യാത്രക്കിടെ വിമാനത്തില്‍ ദ്വാരം വീണു
മനില: ഫിലിപ്പീന്‍സ് 365യാത്രക്കാരുമായി പറന്നുപൊങ്ങിയ ആസ്‌ത്രേലിയന്‍ വിമാനത്തിന്റെ അടിഭാഗത്ത് വലിയദ്വാരം പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ഇതിനെത്തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി.
ആസ്‌ത്രേലിയയിലെ ദേശീയ വിമാന സര്‍വ്വാസായ കാന്റസ് എയര്‍വേസിന്റെ വിമാനത്തിന്റെ അടിഭാഗത്താണ് ദ്വാരം രൂപപ്പെട്ടത്. ലണ്ടനില്‍ നിന്നും ആസ്‌ത്രേലിയയിലേയ്‌ക്ക് പോവുകയായിരുന്ന വിമാനം ദ്വാരം കണ്ടെത്തിയതിനെത്തുടര്‍ന്ന് മനില വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.
ലണ്ടനില്‍നിന്ന് ഹോങ്കോംഗില്‍ ഇറങ്ങി അവിടെനിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 6.30ന് (ഇന്ത്യന്‍ സമയം) പറന്നുയര്‍ന്നു. ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് വിമാനത്തിന്റെ ബോഡിയുടെ മുന്‍ഭാഗം മൂന്നു മീറ്റര്‍ വ്യാസത്തില്‍ അടര്‍ന്നുപോയത്. വിമാനം അപ്പോള്‍ 40,000 അടി ഉയരത്തില്‍ പറക്കുകയായിരുന്നു.
പുറത്ത് അന്തരീക്ഷമര്‍ദ്ദം കുറവായതിനാല്‍ വിമാനത്തിനകത്തെ ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള വായു ഈ ദ്വാരത്തിലൂടെ പുറത്തേക്ക് ശക്തമായി പ്രവഹിച്ചു. വിമാനത്തിനകത്തുണ്ടായിരുന്ന വസ്തുക്കള്‍ ഇതോടൊപ്പം പുറത്തേക്ക് പറന്നു. ഉള്ളിലെ മര്‍ദ്ദം കുറഞ്ഞതോടെ പ്രാണവായുവിന്റെ അഭാവം പരിഹരിക്കാന്‍ യാത്രക്കാര്‍ ഓക്സിജന്‍ മാസ്കുകള്‍ ധരിച്ചു.
യാത്രക്കാരില്‍ പലരും അസ്വസ്ഥരാവുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദവ്യത്യാസംമൂലം വിമാനം 25,000 അടിയിലേക്ക് താഴുകയും ചെയ്തു. അപകടം മനസ്സിലാക്കിയ പൈലറ്റ് ഉടന്‍ വിമാനം മനില വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഇന്ത്യന്‍ സമയം രാവിലെ 8.30ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഒരുമണിക്കൂറോളം അപകടകരമായി പറന്നശേഷമാണ് വിമാനം ഇറങ്ങിയത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് ആസ്‌ത്രേലിയന്‍ ഗതാഗത സുരക്ഷാ ബ്യൂറോ അറിയിച്ചു. വെള്ളിയാഴ്‌ച രാവിലെ 11മണി ഇന്ത്യന്‍ സമയം എട്ടരയോടെയാണ് വിമാനം മനിലയിലിറക്കിയത്.












Click it and Unblock the Notifications