അഹമ്മദാബാദ് സ്‌ഫോടനം: സംശയിക്കപ്പെടുന്നയാളുടെ രേഖാ ചിത്രം പുറത്തു വിട്ടു
അഹമ്മദാബാദ്: അഹമ്മദാബാദ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളെന്ന് കരുതപ്പെടുന്ന യുവാവിന്റെ രേഖാചിത്രം പോലീസ് പുറത്തു വിട്ടു.
ശനിയാഴ്‌ച സ്‌ഫോടനം നടക്കുന്നതിന് മുമ്പ് ഒരാള്‍ ഇതുമായി ബന്ധപ്പെട്ട കാര്യം മൊബൈല്‍ ഫോണില്‍ സംസാരിയ്‌ക്കുന്നതിന് ദൃക്‌സാക്ഷിയായിയെന്നവകാശപ്പെട്ട് ഒരാള്‍ രംഗത്തെത്തിയതോടെയാണ് കേസന്വേഷണത്തില്‍ സുപ്രധാനമായ വഴിത്തിരിവുകള്‍ ഉണ്ടായിരിക്കുന്നത്.
അഹമ്മദാബാദ് നിവാസിയായ ഒരാളാണ് മറ്റാരുടെയും പ്രേരണയില്ലാതെ പോലീസിന് മുന്നില്‍ ഹാജരായി തെളിവുകള്‍ നല്‌കിയത്. ഇയാളുടെ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
"ബാഗ്ലൂരിലുണ്ടായ പിഴവുകള്‍ ഇവിടെയാവര്‍ത്തിയ്‌ക്കരുത്. നമുക്ക് ഇവിടെ തോല്‌ക്കാനാവില്ല". ഫോണില്‍ സംസാരിച്ചയാള്‍ പറഞ്ഞുവെന്ന് ദൃക്‌സാക്ഷി പോലീസിന് മൊഴി നല്‌കിയിട്ടുണ്ട്.
അഹമ്മദാബാദ് സിവില്‍ ഹോസ്‌പിറ്റലിന് മുമ്പില്‍ വെച്ചാണ് മൊബൈല്‍ സംഭാഷണം നടന്നതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ശനിയാഴ്‌ച വൈകിട്ട് ഏതാണ്ട് നാല് മണിയോടെ താന്‍ അഹമ്മദാബാദ് സിവില്‍ ആശുപത്രി സന്ദര്‍ശിയ്‌ക്കുന്നതിനിടെയാണ് സംഭാഷണം കേട്ടത്.
ഒരു മെഡിക്കല്‍ സ്‌റ്റോറിന് മുമ്പില്‍ വെച്ചുണ്ടായ സംഭാഷണം ആദ്യം താന്‍ കാര്യമായെടുത്തില്ലെന്നും ഇയാള്‍ പറഞ്ഞു. ദൃക്‌സാക്ഷിയുടെ സഹായത്തോടെ തന്നെയാണ് പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളുടെ രേഖാ ചിത്രം പോലീസ് തയാറാക്കിയിരിക്കുന്നത്.
30-35 വയസ്സ് പ്രായം തോന്നിയ്‌ക്കുന്ന ഇയാള്‍ സുമുഖനും നന്നായി വസ്‌ത്രം ധരിച്ചിരുന്നയാളാണെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവ സമയത്ത് ഇയാള്‍ പിങ്ക് നിറത്തിലുള്ള ഷര്‍ട്ടാണ് ധരിച്ചിരുന്നത്. രേഖാ ചിത്രം രാജ്യത്തെ വിവിധ മാധ്യമങ്ങള്‍ക്ക് പോലീസ് നല്‌കിയിട്ടുണ്ട്. അന്വേഷണത്തില്‍ ഇത് നിര്‍ണായകമാകുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.
ഇതിനിടെ അഹമ്മദാബാദ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അബ്ദുള്‍ ഹാലിം എന്നയാളാണ് പോലീസ് പിടിയിലായിരിക്കുന്നത്. ഇതെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.












Click it and Unblock the Notifications