എറാസ്‌മിക് ആക്‌സലില്‍ ലയിച്ചു
ബാംഗ്ലൂര്‍: ഇന്ത്യയിലെ മുന്‍നിര സീഡ് ഫണ്ടുകളിലൊന്നായ എറാസ്‌മിക് ആക്‌സല്‍ പാര്‍ട്‌ണേസില്‍ ലയിച്ചു. ഇവ രണ്ടും ചേര്‍ന്നുള്ള പുതിയ സംരംഭം ആക്‌സല്‍ ഇന്ത്യ വെന്‍ച്വര്‍ ഫണ്ട് എന്ന പേരിലായിരിക്കും ഇനി മുതല്‍ അറിയപ്പെടുന്നത്.
ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ മാത്രമായിരിക്കും പുതിയ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇപ്പോഴത്തെ നാല് പങ്കാളികളായ പ്രശാന്ത് പ്രകാശ്, സുബ്രത മിത്ര, മഹേന്ദ്ര ബാലചന്ദ്രന്‍, ഗഗന്‍ കുമാര്‍ എന്നിവരായിരിക്കും ഇതിന്റെ നടത്തിപ്പുകാര്‍.
ആക്‌സല്‍ ഇന്ത്യ വെന്‍ച്വര്‍ ഫണ്ട്-2, 60മില്യണ്‍ ഡോളര്‍ സമാഹരിക്കുമെന്നും 2008ന്റെ മൂന്നാം പാദമാകുമ്പോഴേയ്‌ക്കും പ്രവര്‍ത്തനമാരംഭിക്കുമെന്നും എറാസ്‌മികും ആക്‌സലും തമ്മില്‍ ലയിച്ചകാര്യം പ്രഖ്യാപിച്ചുകൊണ്ട് പ്രശാന്ത് പ്രകാശ് പറഞ്ഞു.
ആക്‌സല്‍ അമേരിക്കയിലെ ഒരു മുന്‍നിര നിക്ഷേപകരാണെന്നും അവരുമായുള്ള കൂടിച്ചേരല്‍ എറാസ്‌മികിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ആക്‌സല്‍ ഇന്ത്യ സ്‌ക്യൂയ കാപ്പിറ്റലിന് തുല്യമായി മാറുമെന്നാണ് വിപണി വിദഗ്‌ധര്‍ പ്രവചിക്കുന്നത്.
എറാസ്‌മികിലെ നിക്ഷേപകരില്‍ ഒന്നാണ് ഗൂഗിള്‍. 100,000 ഡോളറിനും 500,000 ഡോളറിനും ഇടയിലാണ് ഗൂഗിളിന്റെ നിക്ഷേപം. ബാംഗ്ലൂരില്‍ ഇവര് നിക്ഷേപം നല്കിയ കമ്പനിയായ കാത്തി സോണ്‍ യുവാക്കള്ക്കിടയില്‍ പ്രശസ്‌തമാണ്.
പുതിയ ഫണ്ട് ഇന്റര്‍നെറ്റ്, മൊബൈല്‍, ലൈഫ് സയന്‍സ്, സാങ്കേതികവിദ്യ, കണ്‍സ്യൂമര്‍ ഫോക്കസ് കമ്പനികള്‍ എന്നിവയിലാണ് പ്രധാനമായും നിക്ഷേപം നടത്തുക.
തുടക്കക്കാരായ സംരഭകരെ വളര്‍ച്ചയില്‍ സഹായിക്കുന്നതിന് വേണ്ടിയുള്ള ആശയങ്ങളുമായാണ് എറാസ്‌മിക് പ്രവര്‍ത്തനം തുടങ്ങിയത്. പുതിയ ഫണ്ട് ഇപ്പോഴുള്ള ഫണ്ടിനേക്കാളും ആറുമടങ്ങ് ആസ്‌തിയുള്ളതായിരിക്കുമെന്നും സീഡ് ഫണ്ടിംഗ് തുടരുമെന്നും പ്രശാന്ത് പ്രകാശ് അറിയിച്ചു.












Click it and Unblock the Notifications