സിപിഎമ്മിന്റെ നുണപ്രചാരണത്തിന് മറുപടി നല്‍കുമെന്ന് സോമനാഥ്
കൊല്‍ക്കത്ത: തനിക്കെതിരെ സിപിഎം നടത്തുന്ന നുണപ്രചാരണത്തിന് ഒന്നുരണ്ടു ദിവസത്തിനുള്ളില്‍ മറുപടി നല്‍കുമെന്ന് ലോക്‌സഭാ സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജി. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടശേഷം ഇതാദ്യമായാണ് ഇദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കുന്നത്.
സിപിഎമ്മിന്റെ കണ്ണില്‍ ഞാന്‍ പാപിയാണ്, മാന്യനല്ല അതുകൊണ്ടാണ് എന്നെ പുറത്താക്കണമെന്ന് അവര്‍ക്ക് തോന്നിയത്. അവര്‍ എന്തുവേണമെങ്കിലും പറയട്ടെ ഏതറ്റം വരെ പോകുമെന്ന് കാണട്ടെ- ടെലിഗ്രാഫ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സോമനാഥ് പറഞ്ഞു.
ആണവകരാര്‍ പ്രശ്‌നത്തില്‍ യുപിഎ സര്‍ക്കാറിനുള്ള പിന്തുണ ഇടതുപാര്‍ട്ടികള്‍ പിന്‍വലിച്ചിട്ടും ലോക്‌സഭാ സ്‌പീക്കര്‍സ്ഥാനം രാജിവെയ്‌ക്കാന്‍ തയ്യാറാകാഞ്ഞതിനെത്തുടര്‍ന്നാണ് സിപിഎം അദ്ദേഹത്തെ പുറത്താക്കിയത്. പാര്‍ട്ടിയുടെ അമൂല്യ സമ്പാദ്യമെന്ന് വിശേഷിപ്പിച്ചിരുന്ന സോമനാഥിനെ പുറത്താക്കിയശേഷം വഞ്ചകന്‍ എന്നാണ് സിപിഎം വിശേഷിപ്പിച്ചത്.
വിശ്വാസവോട്ടിന്റെ സമയത്ത് സര്‍ക്കാറിന്റെ ഭാഗത്ത് ചേരുകയാണോ ചെയ്‌തതെന്ന ചോദ്യത്തിന് തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വ്വഹിക്കുകമാത്രമാണ് ചെയ്‌തതെന്നായിരുന്നു സ്‌പീക്കറുടെ മറുപടി. വിശ്വാസവോട്ട് വിപ്പില്‍ നിന്നും തന്നെ ഒഴിവാക്കി സഹിഷ്‌ണുതകാണിച്ചെങ്കില്‍ പിന്നെയെന്തിനാണ് തന്റെ രാജിക്കായി തിടുക്കം കൂട്ടിയതെന്നും അദ്ദേഹം ചോദിച്ചു.
ആഗസ്‌റ്റ് ഒന്നുതില്‍ 10വരെ കോലാലംപൂരില്‍ നടക്കുന്ന കോമണ്‍വെല്‍ത് പാര്‍ലമെന്ററി അസോസിയേഷനില്‍ പങ്കെടുക്കുമെന്ന് സോമനാഥ് അറിയിച്ചു. ആഗസ്‌റ്റ് 11ന് ലോക്‌സഭയില്‍ അമര്‍ത്യാ സെന്‍ നടത്തുന്ന പ്രഭാഷണത്തിനും ഇദ്ദേഹം അധ്യക്ഷതവഹിക്കും. അതുകഴിഞ്ഞ് രാജിവയ്‌ക്കുമോ എന്ന ചോദ്യത്തിന് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു മറുപടി.
സോമനാഥ് തിങ്കളാഴ്‌ച കൊല്‍ക്കത്തിയില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ജ്യോതിബസുവിനെ സന്ദര്‍ശിക്കുമെന്ന് അദ്ദേഹത്തിനോടടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. സോമനാഥിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതില്‍ ബസുവിന് എതിര്‍പ്പുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സോമനാഥിനെ പുറത്താക്കാനുള്ള പൊളിറ്റ് ബ്യൂറോയുടെ തീരുമാനം ബസുവും അംഗീകരിച്ചിട്ടുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()












Click it and Unblock the Notifications