സംസ്ഥാനത്ത് പലയിടത്തും വ്യാജ ബോംബ് ഭീഷണി
കൊച്ചി: ബോംബ് ഭീഷണിയെത്തുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുകയും ഉന്നതതലയോഗങ്ങള്‍ ചേരുകയും ചെയ്യുന്നതിനിടെ പലയിടത്തും വ്യാജ ബോംബ് ഭീഷണി.
ഭീഷണിയെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്‌ചയും പൊലീസും ബോംബ് സ്‌ക്വാഡും പരിശോധനകള്‍ നടത്തി. കൊച്ചിയില്‍ തൃപ്പൂണിത്തുറ റയില്‍വേസ്റ്റേഷനിലും സിബിഐ ഓഫീസിന് മുന്നിലുമാണ് ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണിയുണ്ടായത്.
വൈറ്റില ബസ് സ്‌റ്റേഷനിലും ബോംബ് ഭീഷണിയുണ്ടായിരുന്നു.
എറണാകുളം-കോട്ടയം പാസഞ്ചര്‍ തീവണ്ടിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണിവന്നതിനെത്തുടര്‍ന്ന് തൃപ്പൂണിത്തുറയില്‍ തീവണ്ടി നിര്‍ത്തിയിട്ട് തിരച്ചില്‍ നടത്തി. വനിതാ കംപാര്‍ടുമെന്റില്‍ നിന്നും ലഭിച്ച ബാഗാണ് സംശയത്തിന് കാരണമായത്. തിരച്ചിലില്‍ പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായിട്ടില്ല.
പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ട ടെലിവിഷന്‍ സെറ്റ് ഭീതിക്കിടയാക്കി. ബോംബാണെന്ന സംശയത്തെത്തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു.
പൊലീസ് എത്തി പരിശോധനനടത്തുന്നതിനിടെ ടിവിയുടെ ഉടമസ്ഥരായ രണ്ട് ഒറീസ സ്വദേശികള്‍ സ്ഥലത്തെത്തി. ഇവരെ പൊലീസ് ചോദ്യം ചെയ്‌തതോടെ ആശങ്കകള്‍ക്ക് വിരമമായി. പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലെ ജോലിക്കാരായ ഇവര്‍ വാങ്ങിയ ടിവി സ്‌റ്റാന്റില്‍ വച്ചശേഷം ചായകുടിക്കാന്‍ പുറത്തേയ്‌ക്ക് പോയതായിരുന്നു.
കോഴിക്കോട്ട് മാത്തറ ഇസ്ലാമിക് റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജഭീഷണിയുണ്ടായി. 12.30 ഓടെ സ്‌കൂളിനടത്ത് ബോംബിവച്ചിട്ടുണ്ടെന്നും സ്‌ഫോടനമുണ്ടാകുമെന്നും അജ്ഞാത ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. സ്‌കൂളിനടുത്തുള്ള കോയിന്‍ ബൂത്തിലേയ്‌ക്കായിരുന്നു സന്ദേശം വന്നത്.
വിവരമറിഞ്ഞ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരിഭ്രാന്തരായതിനെത്തുടര്‍ന്ന് സ്‌കൂളിന് അവധി നല്‍കി. ഭീഷണിയെത്തുടര്‍ന്ന് ബോംബ് സ്‌ക്വാഡും പൊലീസുമെത്തി സ്‌കൂളില്‍ പരിശോധന നടത്തി.
മലപ്പുറത്ത് അരീക്കോട് ബസ് സ്‌റ്റാന്റില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഭീഷണിയുണ്ടായിരുന്നു. ഇല്‌ട്രോണിക് സര്‍ക്യൂട്ടില്‍ ബാറ്ററി ഘടിപ്പിച്ച നിലിയല്‍ കണ്ടെത്തിയത് ഏറെ നേരം പരിഭ്രാന്തിക്കിടയാക്കി. ബസുകളും ബസ് യാത്രക്കാരെയും ഇവിടെനിന്നും ഒഴിപ്പിച്ചു. ഒടുവില്‍ ബോംബ് സ്‌ക്വാഡ് എത്തിയാണ് ബോംബ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.
ഇതിനിടെ കണ്ണൂരിലെ തളിപ്പറമ്പില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട മഹാരാഷ്ട്രക്കാരായ നാല് യുവാക്കളെ പൊലീസ് അറസ്റ്റുചെയ്‌തു. കണ്ണൂര്‍ എസ്‌പി ഇവരെ ചോദ്യം ചെയ്‌തിട്ടുണ്ട്. ബോംബ് ഭീഷണിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. വാഹന രജിസ്‌ട്രേഷന്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications