എളുപ്പത്തില്‍ തിരയാന്‍ യാഹൂവിന്റെ ഗ്ലൂ പേജസ് ബീറ്റ
ചെന്നൈ: പ്രമുഖ ഇന്റര്‍നെറ്റ് സേവനദാതാവായ യാഹൂ ഗ്ലൂ പേജസ് ബീറ്റ എന്ന പേരില്‍ പുതിയ സെര്‍ച്ച് എഞ്ചിന്‍ അവതരിപ്പിയ്‌ക്കുന്നു. ഗ്ലൂ പേജസിലൂടെ കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും വിവരങ്ങള്‍ തിരയാമെന്നാണ് യാഹൂ അവകാശപ്പെടുന്നത്.
അനാവശ്യ വിവരങ്ങള്‍ ഒഴിവാക്കി പ്രധാനപ്പെട്ട വിവരങ്ങള്‍ ഒറ്റ പേജില്‍ അവതരിപ്പിയ്‌ക്കുന്നതിലൂടെയാണിത്. ഇപ്പോഴുള്ള സെര്‍ച്ച് എഞ്ചിനുകളില്‍ എന്തെങ്കിലും തിരയുമ്പോള്‍ ആവശ്യമുള്ളതും ഇല്ലാത്തതുമായി ആയിരക്കണക്കിന് ലിങ്കുകളാണ് പ്രത്യക്ഷപ്പെടുക. ഇത് യൂസര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിയ്‌ക്കുന്നു.
എന്നാല്‍ ഗ്ലൂ പേജസ് ഉപയോഗിക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ലിങ്കുകള്‍ ഒറ്റ വെബ് പേജില്‍ പ്രത്യക്ഷപ്പെടും. ഇതിനു പുറമെ ഉപയോക്താക്കള്‍ ഏതെങ്കിലുമൊരു വാക്ക് തിരഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട ടെക്‌സ്റ്റിനു പുറമെ ചിത്രങ്ങള്‍, വീഡിയോ, മ്യൂസിക് ട്രാക്ക്, ബയോഗ്രാഫി തുടങ്ങിയ വിവരങ്ങളെല്ലാം ഒറ്റ വെബ് പേജില്‍ തന്നെ ലഭ്യമാകും.
തുടക്കത്തില്‍ ആരോഗ്യം, സാങ്കേതിക വിദ്യ, യാത്ര, കായികരംഗം, സാമ്പത്തികം തുടങ്ങിയ രംഗങ്ങളിലായിരിക്കും ഗ്ലൂ പേജസ് സെര്‍ച്ച് എഞ്ചിന്റെ സൗകര്യം ലഭ്യമാകുക.
അടുത്തു തന്നെ കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഇതിലുണ്ടാകും. യാഹൂ ഇന്ററാക്ടീവ് എന്ന സംവിധാനവും യാഹൂ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും വിഷയത്തില്‍ സമഗ്രമായ അറിവുള്ള വ്യക്തികള്‍ക്ക് സ്വന്തമായി ഗ്ലൂ പേജ് നിര്‍മ്മിയ്‌ക്കാന്‍ ഇതിലൂടെ കഴിയും. പിന്നീട് ആരെങ്കിലും ഈ വിഷയം തിരയുമ്പോള്‍ ഈ പേജും ലഭ്യമാകും.












Click it and Unblock the Notifications