സൂറത്തില്‍ 18 ബോംബുകള്‍ കണ്ടെടുത്തു
സൂറത്ത്: ഗുജറാത്തിലെ സൂറത്ത് നഗരത്തില്‍ നിന്നും ചൊവ്വാഴ്‌ച 18 ബോംബുകള്‍ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. രാജസ്ഥാനിലെ മര്‍വാറില്‍ നിന്നും മൂന്നു ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ട്.
മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രാജ്യത്തിന്റെ വജ്രതലസ്ഥാനമെന്ന് അറിയിപ്പെടുന്ന സൂറത്തില്‍ നിന്നും 18 ബോംബുകള്‍ പൊലീസ് കണ്ടെടുത്തു നിര്‍വ്വീര്യമാക്കിയത്. കണ്ടെടുത്തവയില്‍ മിക്കവയും മാരശേഷിയുള്ള ബോംബുകളായിരുന്നു.
ഒരു പൊലീസ് സ്റ്റേഷന് സമീപത്ത് മരത്തില്‍ തൂക്കിയിട്ട നിലയിലും ബോംബ് കണ്ടെത്തിയിട്ടുണ്ട്. ഉന്നത മര്‍ദ്ദത്തില്‍ സ്‌ഫോനടമുണ്ടാക്കുന്ന വാതകബോംബുകളായിരുന്നു എല്ലാം. നഗരത്തിലെ വജ്ര സംസ്‌കരണശാലകള്‍ ഏറെയും കേന്ദ്രീകരിച്ചിട്ടുള്ള വരച മേഖലയിലാണ് ബോംബുകള്‍ മിക്കതും കാണപ്പെട്ടത്.
തിങ്കളാഴ്‌ചയും സൂറത്തില്‍ ഒരു ബോംബ് കണ്ടെത്തി നിര്‍വ്വീര്യമാക്കിയിരുന്നു. സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച രണ്ടുകാറുകള്‍ ഞായറാഴ്‌ച നഗരത്തില്‍ കണ്ടെത്തിയിരുന്നു.
ഇതിനിടെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന മൂന്നുപേരെ അറസ്റ്റ് ചെയ്‌തതായി ഗുജറാത്ത് പൊലീസ് വെളിപ്പെടുത്തി. അബ്ദുള്‍ ഖാദിര്‍, ഹസില്‍ മുഹമ്മദ്, ഹുസൈന്‍ ഇബ്രാഹിം എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
സ്‌ഫോടന പരമ്പരകള്‍ക്ക്‌ശേഷം സ്ഥലം വിടമ്പോള്‍ രാജ്‌കോട്ട്-അഹമ്മദാബാദ് റോഡില്‍ ലിംബിയ്‌ക്കടുത്തുവച്ചാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്ക് ഇന്ത്യന്‍ മുജാഹീദീന്‍, സിമി എന്നീ തീവ്രവാദ സംഘടകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷണങ്ങള്‍ നടക്കുകയാണ്.
പാക് ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്‌ബയുടെ പ്രവര്‍ത്തകനെന്ന് സംശയിക്കുന്ന ഒരാളെ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇതിനിടെ അഹമ്മദാബാദ് സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 53ആയി ഉയര്‍ന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications