വ്യാജ ബോംബ് ഭീഷണി അയക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ
തിരുവനന്തപുരം: ബാംഗ്ലൂര്‍, അഹമ്മദാബാദ് സ്‌ഫോടനപരമ്പരകളെത്തുടര്‍ന്ന് രാജ്യമെമ്പാടും വ്യാജ ബോംബ് ഭീഷണികള്‍ പരക്കുകയാണ്. കേരളത്തിലും വ്യാജ ഭീഷണികള്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ ചില്ലറയല്ല.
ഇത്തരം ഭീഷണി സന്ദേശങ്ങളെത്തുടര്‍ന്ന് പൊലീസും ബോംബ് സ്ക്വാഡും പൊലീസ് നായകളും വരെ വിശ്രമമില്ലാതെ ഓടുകയാണ്. നുണ ബോംബുകള്‍ പൊട്ടിച്ച് ആളുകളെ വിരട്ടുകയും അധികൃതരെ കുഴക്കുകയും ചെയ്യുന്നവര്‍ ഇനി സൂക്ഷിക്കുക. ഇത്തരക്കാര്‍ പിടിയിലായാല്‍ രണ്ടുവര്‍ഷത്തോളം തടവില്‍ കഴിയേണ്ടതായി വരും.
ഫോണില്‍ വ്യാജ ഭീഷണി മുഴക്കുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഐപിസി 182, ആപിസി 507 വകുപ്പുകള്‍ പ്രകാരമാണ് ഇത്തരക്കാര്‍ക്കെതിരെ കേസെടുക്കുക. കുറ്റം തെളിഞ്ഞാല്‍ രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിയ്‌ക്കും.
കുട്ടികളാണ് ഇത്തരം ഭീഷണി മുഴക്കുന്നതെങ്കില്‍ തെളിവെടുപ്പും അന്വേഷണവും ചോദ്യം ചെയ്യലുമൊക്കെയായി രക്ഷിതാക്കളും കുരുക്കിലാകുമെന്ന് ഉറപ്പ്. ഇ-മെയില്‍ വഴിയാണ് വ്യാജ ഭീഷണി സന്ദേശം നല്‍കുന്നതെങ്കില്‍ കമ്പ്യൂട്ടര്‍ പൊലീസ് കണ്ടുകെട്ടും.
ലോകത്തെവിടെ നിന്നും ഇത്തരത്തില്‍ മൊബൈല്‍ ഫോണ്‍, ഇ-മെയില്‍ എന്നിവ വഴി വ്യാജഭീഷണിമുഴക്കിയാല്‍ രണ്ടു ദിവസത്തിനുള്ളില്‍ അതിന്റെ ഉറവിടം വ്യക്തമായി കണ്ടെത്താന്‍ തക്ക സജ്ജീകരണങ്ങള്‍ ഇപ്പോള്‍ പൊലീസിനുണ്ട്.
കേരളത്തില്‍ വ്യാജ ഭീഷണി മുഴക്കിയ പലരും ഇതിനകം തന്നെ പൊലീസിന്റെ വലയിലായിക്കഴിഞ്ഞു. വ്യാജ ഭീഷണികള്‍ പെരുകിയ സാഹചര്യത്തില്‍ ഇവയുടെ ഉറവിടം കണ്ടെത്താന്‍ പൊലീസ് ശക്തമായ സജ്ജീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications