സ്‌മാര്‍ട്ട് സിറ്റി ബാക്കിയുള്ള ഭൂമിയും കൈമാറി
തിരുവനന്തപുരം: സ്‌മാര്‍ട്ട് സിറ്റി പദ്ധതിയ്‌ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‌കേണ്ടിയിരുന്ന മുഴുവന്‍ ഭൂമിയും കൈമാറി.
കരാര്‍ പ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‌കേണ്ടിയിരുന്ന 246 ഏക്കര്‍ ഭൂമിയില്‍ 11.46 ഏക്കര്‍ പ്രദേശം കൂടിയാണ് പാട്ട വ്യവസ്ഥകളോടെ സ്‌മാര്‍ട്ട് സിറ്റി അധികൃതര്‍ക്ക് കൈമാറിയത്.
സ്‌മാര്‍ട്ട് സിറ്റിയ്‌ക്കായി 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‌കുന്ന 246 ഏക്കര്‍ ഭൂമിയില്‍ 100 ഏക്കര്‍ കെഎസ്‌ഇബിയില്‍ നിന്നും 10 ഏക്കര്‍ കിന്‍ഫ്രയില്‍ നിന്നും 136 ഏക്കര്‍ സ്വകാര്യ വ്യക്തികളില്‍ നിന്നുമാണ് ഏറ്റെടുത്ത് നല്‌കേണ്ടിയിരുന്നത്.
ഇതില്‍ 136 ഏക്കര്‍ ഭൂമിയില്‍ 11 ഏക്കര്‍ സ്ഥലമൊഴികെയുള്ള ഭാഗം ഏറ്റെടുത്ത് സ്‌മാര്‍ട്ട് സിറ്റിയുടെ തറക്കല്ലിടല്‍ ചടങ്ങിന് മുമ്പ് തന്നെ സര്‍ക്കാര്‍ നല്‌കിയിരുന്നു. ബാക്കിയുള്ള ഭൂമിയാണിപ്പോള്‍ കൈമാറിയത്.
ഐടി മിഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്‌മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ഫരീദ് അബ്ദുല്‍ റഹ്മാന്‍ മൂസയും സംസ്ഥാന ഐടി സെക്രട്ടറി അജയ് കുമാറും പാട്ടക്കരാറില്‍ ഒപ്പു വെച്ചു.
സ്‌മാര്‍ട്ട് സിറ്റിയെ പ്രതിനിധീകരിച്ച് ഡോ. ബാബു ജോര്‍ജ്ജ്, മിഥുന്‍ എന്നിവരും സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയുടെ ഐടി ഉപദേഷ്ടാവ് ജോസഫ് സി. മാത്യു ഇന്‍ഫോ പാര്‍ക്ക് സിഇഒ സിദ്ധര്‍ഥ ഭട്ടാചാര്യ എന്നിവര്‍ പങ്കെടുത്തു.
പദ്ധതിയ്‌ക്കായി സര്‍ക്കാര്‍ നല്‌കിയ ഭൂമിയില്‍ 136 ഏക്കര്‍ ഭൂമിയ്‌ക്കു മാത്രമേ പ്രത്യേക സാമ്പത്തിക മേഖലാ പദവി (സെസ്) ലഭിച്ചിട്ടുള്ളുവെന്നും ആ പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിയ്‌ക്കുമെന്നും സ്‌മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ഫരീദ് അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.
ബാക്കിയുള്ള 100 ഏക്കര്‍ ഭൂമിയ്‌ക്ക് സെസ് പദവി ലഭിയ്‌ക്കാന്‍ അപേക്ഷ നല്‌കിയിട്ടുണ്ട്. പദ്ധതി പ്രദേശത്തു കൂടി ഒരു പുഴയൊഴുകുന്നതാണ് പ്രദേശത്തിന് മുഴുവനായി സെസ് പദവി ലഭിയ്‌ക്കുന്നതിന് വിഘാതമായത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications