ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് അന്തരിച്ചു
ദില്ലി : സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് (92) അന്തരിച്ചു. നോയിഡയിലുളള മെട്രോ ഹാര്‍ട്ട് ഹോസ്പിറ്റലില്‍ ഉച്ചയ്ക്ക് 1.35നായിരുന്നു അന്ത്യം.
മെയ് ആറിനാണ് വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ മെട്രോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യ നില തീര്‍ത്തും വഷളായ അദ്ദേഹം ഒന്നിലധികം തവണ മരണത്തെ മുഖാമുഖം കണ്ടിരുന്നു .
പിന്നീട് ചികിത്സ ഫലം കണ്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീന്‍മൂര്‍ത്തി ലൈനിലെ വീട്ടിലേയ്ക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ആഴ്ച വീണ്ടും ആരോഗ്യനില തകരാറിലാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
1916 മാര്‍ച്ച് 23ന് പഞ്ചാബിലെ ജലന്ധറില്‍ ജനിച്ച സുര്‍ജിത് ഭഗത് സിംഗിന്റെ രാഷ്ട്രീയാദര്‍ശങ്ങളില്‍ ആകൃഷ്ടനായാണ് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഭഗത് സിംഗ് സ്ഥാപിച്ച നൗജവാന്‍ ഭാരത് സഭയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തകനായ സുര്‍ജിത് 1936ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവേശിച്ചത്.
1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോല്‍ സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായി. സിപിഎമ്മിന്റെ ഒമ്പതംഗ ആദ്യ പൊളിറ്റ് ബ്യൂറോ അംഗങ്ങളില്‍ ഒരാളായിരുന്ന അദ്ദേഹം, ഇഎംഎസ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് 1992ല്‍ സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി. 2005 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു.
ആരോഗ്യസ്ഥിതി തീരെ മോശമായതിനെ തുടര്‍ന്ന് 2008 ഏപ്രിലില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സുര്‍ജിത്തിനെ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവാക്കുകയും കേന്ദ്രക്കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കുകയും ചെയ്തു.
ത്യാഗപൂര്‍ണമായ ഒട്ടേറെ പോരാട്ടങ്ങളുടെ സ്മരണകള്‍ മാത്രം അവശേഷിപ്പിച്ച് കാലം ഒരു പോരാളിയെക്കൂടി തിരികെ വിളിച്ചിരിക്കുന്നു.












Click it and Unblock the Notifications