കാമുകിക്കൊപ്പം ഒളിച്ചോടാനായി പാസ്റ്റര്‍ ബോംബ് ഭീഷണി മുഴക്കി
വടക്കഞ്ചേരി: കാമുകിയ്‌ക്കൊപ്പം നാടുവിടാനായി തീവണ്ടിയില്‍ ബോംബുവച്ചിട്ടുണ്ടെന്ന് വ്യാജഭീഷണിമുഴക്കിയ യുവാവ് അറസ്റ്റിലായി. പാസ്റ്ററാണെന്ന് അവകാശപ്പെടുന്ന പരുവാശേരി സ്വദേശി ജെയിംസ്(37)ആണ് പിടിയിലായത്.
ജയിംസിനെയും ഒപ്പമുണ്ടായിരുന്ന എരവിപേരൂര്‍ സ്വദേശിനി ഷൈനി(38)യെയും ആലത്തൂര്‍ കോടതി റിമാന്റ് ചെയ്‌തു. തിരുവനന്തപുരം-ഗോരഖ്‌പൂര്‍ എക്‌സ്‌പ്രസില്‍ ബോംബ് വച്ചിട്ടുണ്ടെന്നാണ് ജയിംസ് ഭീഷണിമുഴക്കിയത്. ഫോണ്‍ സന്ദേശം ലഭിച്ച് എട്ട്‌മണിക്കൂറിനുള്ളില്‍ ഈറോഡില്‍ നിന്നാണ് ജയിംസും കാമുകിയും അറസ്‌റ്റിലായത്.
ബുധനാഴ്‌ച തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട തീവണ്ടി തൃശൂരിലെത്തിമ്പോള്‍ ബോംബ് പൊട്ടുമെന്നാണ് തന്റെ യഥാര്‍ത്ഥ മേല്‍വിലാസം വെളിപ്പെടുത്തിക്കൊണ്ട് ജയിംസ് അധികൃതര്‍ക്ക് ഫോണ്‍ ചെയ്‌ത് അറിയിച്ചത്.
ബുധനാഴ്‌ച പുലര്‍ച്ചെ മൂന്നരയോടെ ജയിംസ് തൃശൂര്‍ കുരിയച്ചിറയില്‍ നിന്നും വാടകയ്‌ക്ക് കാറെടുത്ത് തിരുവല്ല വെണ്ണികുളത്തേയ്‌ക്ക് പോവുകയും അവിടെനിന്നും ഷൈനിയെയും കൂട്ടി കാണ്‍പൂരിലേയ്‌ക്ക് പോകുന്നതിനായി എറണാകുളത്തേയ്‌ക്ക് യാത്രതിരിക്കുകയും ചെയ്‌തു.
എറണാകുളത്ത് എത്തുമ്പോഴേയ്‌ക്കും ഇവര്‍ക്ക് പോകേണ്ടിയിരുന്ന തീവണ്ടി സ്‌റ്റേഷന്‍ വിട്ടിരുന്നു. തീവണ്ടി 11.10ന് തൃശൂരില്‍ എത്തുമെന്ന് മനസ്സിലാക്കിയ ഇവര്‍ അതേ കാറില്‍ തൃശൂരിലേയ്‌ക്ക് തിരിച്ചു. അങ്കമാലിയില്‍ എത്തുമ്പോഴേയ്‌ക്കും പത്തര കഴിഞ്ഞതിനാല്‍ തീവണ്ടി എത്തുന്ന സമയത്ത് സ്റ്റേഷനില്‍എത്താന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ജയിംസ് തീവണ്ടിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജസന്ദേശം നല്‍കുകയായിരുന്നു.
വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലേയ്‌ക്ക് ഫോണ്‍ചെയ്‌ത ജയിംസ് താനൊരു പാസ്റ്ററാണെന്നും വ്യക്തമാക്കിയിരുന്നു. തീവണ്ടിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞ ജയിംസ് വടക്കേ ഇന്ത്യക്കാരനായ ഒരാളാണ് തന്നെ ഈ വിവരം അറിയിച്ചതെന്നും പറഞ്ഞു. അടുത്തിടെയുണ്ടായ ബോംബ് സ്‌ഫോടനങ്ങളെത്തുടര്‍ന്ന് ജാഗ്രത പാലിക്കുന്ന സമയമായതിനാല്‍ പൊലീസ് വിവരം കാര്യമായെടുത്തു.
മാത്രമല്ല ജയിംസ് തന്റെ വിലാസം വെളിപ്പെടുത്തിയതിനാല്‍ പൊലീസിന് ഇക്കാര്യത്തില്‍ സംശയവും തോന്നിയില്ല. സമയം കളയാതെ വടക്കഞ്ചേരി പൊലീസ് ആലത്തൂര്‍ ഡിവൈഎസ്‌പി, പാലക്കാട് എസ്‌പി എന്നിവര്‍ക്ക് വിവരം കൈമാറി. എസ്‌പി മുഖേന തൃശൂര്‍, ആലപ്പുഴ എന്നിവിടങ്ങളിലും അറിയിച്ചു. തുടര്‍ന്ന് ഇരിങ്ങാലക്കുട കല്ലേറ്റുങ്കരയില്‍ തീവണ്ടി തടഞ്ഞിട്ട് മൈക്കിലൂടെ വിളിച്ചുപറഞ്ഞ് യാത്രക്കാരെ മുഴുവന്‍ ഇറക്കി ബോബ് സ്‌ക്വാഡ് പരിശോധന നടത്തി.
രണ്ടുമണിക്കൂര്‍ നീണ്ട പരിശോധനയ്‌ക്ക് ശേഷം തീവണ്ടി കടത്തിവിട്ടു. തൃശൂരിലെത്തിയപ്പോള്‍ വീണ്ടും പരിശോധന നടന്നു. പന്ത്രണ്ടരയോടെ തൃശൂര്‍ റയില്‍വേസ്‌റ്റേഷനില്‍ എത്തിയ ജയിംസും ഷൈനിയും ഇതേ തീവണ്ടിയില്‍ കയറുകയും ചെയ്‌തു. ഇതിനിടെ എസ്‌പിയുടെ നിര്‍ദ്ദേശപ്രകാരം ആലത്തൂര്‍ ഡിവൈഎസ്‌പിയുടെ മേല്‍നോട്ടത്തില്‍ പാസ്റ്റര്‍ ജയിംസിന്റ ഫോണ്‍ സന്ദേശത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.
ഭീഷണി വ്യാജമായിരുന്നുവെന്നും ജയിംസും ഷൈനിയും ഇതേ തീവണ്ടിയില്‍ യാത്രചെയ്യുന്നുണ്ടെന്നും മനസ്സിലാക്കിയ പൊലീസ് പിന്നീട് ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു. സൈബര്‍ സെല്‍, റയില്‍വേസംരക്ഷണ സേന, റയില്‍വേ പൊലീസ് എന്നിവയുടെ സഹായത്തോടെയാണ് ഇവരെ അറസ്‌റ്റുചെയ്‌തത്.
ഭാര്യയും രണ്ട് മക്കളുമുള്ള ജയിംസ് സുവിശേഷ വേലയ്‌ക്കിടെയാണത്രേ വിവാഹിതയും രണ്ടുമക്കളുടെ അമ്മയുമായ ഷൈനിയെ പരിചയപ്പെടുന്നത്. പരിചയം വളര്‍ന്ന് പ്രണയമായപ്പോള്‍ ഇരുവരും നാടുവിടാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം ജയിംസ് പാസ്റ്റര്‍ അല്ലെന്ന് വടക്കഞ്ചേരിയിലും സമീപപ്രദേശങ്ങളിലുമുള്ള പെന്തക്കോസ്‌ത് സഭകളുടെ ഐക്യകൂട്ടായ്‌മയായ യുണൈറ്റഡ് പെന്തക്കോസ്‌തല്‍ ഫെല്ലോഷിപ്പ് അറിയിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications