ഞായറാഴ്‌ച അവധി; പെട്രോള്‍ പമ്പുകള്‍ ഇനി പകല്‍മാത്രം
കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം രാവിലെ ആറുമുതല്‍ വൈകീട്ട് എട്ട് വരെയാക്കുന്നു. ആഗസ്റ്റ് 18മുതല്‍ പുതിയ സമയക്രമീകരണം നിലവില്‍വരുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്‌പോളിയം ട്രേഡേഴ്‌സ് പ്രസിഡന്റ് എം.എസ് മാത്യു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഞായറാഴ്‌ചകളില്‍ പെട്രോള്‍ പമ്പുകള്‍ക്ക് അവധിയായിരിക്കും. എന്നാല്‍ ഒരു താലൂക്കില്‍ ഒരു പമ്പ് എന്ന രീതിയില്‍ പ്രവര്‍ത്തിക്കും. വൈദ്യുതി ചാര്‍ജ് വര്‍ധനയും രാത്രിയിലെ ലോഡ്‌ഷെഡിംഗ്, മോഷണം, പിടിച്ചുപറി എന്നിവയും പമ്പുകളുടെ രാത്രികാല പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
വളരെ തുച്ഛമായ ഡീലര്‍ കമ്മീഷനും ഭീമമായ ബാഷ്‌പീകരണ നഷ്ടവും കാരണം എല്ലാ ദിവസവും 24 മണിക്കൂര്‍ പമ്പ് പ്രവര്‍ത്തിക്കുന്നത് അപ്രായോഗികമാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. എണ്ണക്കമ്പനികള്‍ക്ക് പ്രതിദിനം ഉണ്ടാകുന്ന നഷ്ടം നികത്തുവാന്‍ സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിതരണത്തിന്റെ അളവില്‍ കുറവുവരുത്തി.
വില കൂട്ടിയ പ്രീമിയം ബ്രാന്‍ഡ് പെട്രോളും ഡീസലും ഡീലര്‍മാരെ അടിച്ചേല്‍പ്പിക്കുകയാണെന്നും പെട്രോളിയം ട്രേഡേഴ്‌സ് കുറ്റപ്പെടുത്തി. ജൂണ്‍ അഞ്ചിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വിലവര്‍ധനയ്‌ക്ക് പുറമെയാണ് കമ്പനികള്‍ പ്രീമിയം ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിരിക്കുന്നത്. പ്രീമിയം ബ്രാന്‍ഡ് പെട്രോളിന് നാലു രൂപയും ഡീസലിന് മൂന്നര രൂപയും അധികം നല്‍കേണ്ടിവരുന്നത് ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു- ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications