ആശുപത്രി ജീവനക്കാരി പ്രസവം കാമറയില്‍ പകര്‍ത്തി
കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരി പ്രസവം മൊബൈല്‍ ഫോണ്‍ കാമറയില്‍ പകര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതി ചൊവ്വാഴ്‌ച തെളിവെടുപ്പ് നടത്തും. ഗൈനക്കോളിജി വിഭാഗം മേധാവി ഡോക്ടര്‍ ഉമാ ദേവി, ആര്‍എംഒ സി.ശ്രീകുമാര്‍, നഴ്‌സിംഗ് സൂപ്രണ്ട് എന്നിവരാണ് സംഘത്തിലുള്ളത്.
സംഭവം നടന്ന ദിവസം ലേബര്‍ റൂമില്‍ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടര്‍മാര്‍, പിജി വിദ്യാര്‍ത്ഥികള്‍, സ്റ്റാഫ് നഴ്‌സ്, അറ്റന്‍ഡര്‍മാര്‍ തുടങ്ങി ഇരുപതോളം പേരോടാണ് തെളിവെടുപ്പിനായി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അന്വേഷണ റിപ്പോര്‍ട്ട് സമിതി ബുധനാഴ്‌ച സമര്‍പ്പിക്കുമെന്നാണ് സൂചന.
തിങ്കളാഴ്‌ചയാണ് മെഡിക്കല്‍ കോളെജ് പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച പരാതി ലഭിച്ചതെന്ന് മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ടിപി അഷ്‌റഫ് പറഞ്ഞു. ഒരാഴ്‌ച മുമ്പാണ് സംഭവം നടന്നത്.
ആരോപണവിധേയയായ ജീവനക്കാരിക്ക് നേരത്തേ അത്യാഹിത വിഭാഗത്തിലായിരുന്നു ജോലി. ലേബര്‍ റൂമില്‍ ഡ്യൂട്ടിയിലിരിക്കേ നേരത്തെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെത്തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലേയ്‌ക്ക് മാറ്റുകയാണ് ഉണ്ടായതെന്നുമാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.












Click it and Unblock the Notifications