വൈദ്യുതി പ്രതിസന്ധി രൂക്ഷം; ലോഡ്‌ഷെഡിംഗും പവര്‍കട്ടും തുടരും
തിരുവനന്തപുരം: ഇതുവരെ ലഭിച്ച മഴകൊണ്ടും വൈദ്യുതി പ്രതിസന്ധിയ്‌ക്ക് അയവുവരാത്ത സാഹചര്യത്തില്‍ ലോഡ്‌ഷെഡിഗും പവര്‍ക്കട്ടും തുടരാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു.
വൈദ്യുതിനിയന്ത്രണം പിന്‍വലിക്കാനുള്ള സാഹചര്യമായില്ലെന്ന് തിങ്കളാഴ്‌ച ചേര്‍ന്ന് ബോര്‍ഡിന്റെ ഉന്നതതലയോഗം വിലയിരുത്തി. ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തിയിട്ടും ഉപയോത്തിലുണ്ടായ കുറവ് വെറും എട്ട് ലക്ഷം യൂണിറ്റാണ്. കൂടിയ വിലയ്‌ക്ക് താപവൈദ്യുതി വാങ്ങുന്നതുമൂലം ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി വഷളാവുകയാണ്.
ജൂലൈയില്‍ ബോര്‍ഡിന് 192 കോടി രൂപയുടെ നഷ്ടമുണ്ടായി. 155.1കോടി യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം മാത്രമേ ഇപ്പോള്‍ സംഭരണികളിലുള്ളു. കഴിഞ്ഞ വര്‍ഷം ജൂലൈ ആദ്യവാരം സംഭരണികളില്‍ 70ശതമാനം വെള്ളമുണ്ടായിരുന്നുവെങ്കില്‍ ഇക്കൊല്ലം 37ശതമാനം വെള്ളം മാത്രമാണുള്ളത്. ഇതാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയത്.
കൂടുതല്‍ മഴ ലഭിച്ചില്ലെങ്കില്‍ ജലവൈദ്യുതിയുടെ ഉല്‍പാദനം പ്രതിദിനം 1.4 ദശലക്ഷം യൂണിറ്റായി പരിമിതപ്പെടുത്തേണ്ടിവരും. ഇപ്പോള്‍ 16ദശലക്ഷം യൂണിറ്റുവരെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇടുക്കിയിലെ ഉല്‍പാദനം 3.5ദശലക്ഷം യൂണിറ്റായി കുറയ്‌ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റു ജലവൈദ്യുത നിലയങ്ങളില്‍ മഴയുടെ ലഭ്യതയനുസരിച്ച് ഉല്‍പാദനം ക്രമീകരിക്കും.
ജൂലൈയില്‍ വൈദ്യുതി വാങ്ങുന്നതിനായിമാത്രം 387കോടി രൂപയമാണ് ബോര്‍ഡ് ചെലവഴിച്ചത്. തെര്‍മല്‍ സര്‍ച്ചാര്‍ജ് സംബന്ധിച്ച റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം ഈയാഴ്‌ചയുണ്ടായേയ്‌ക്കും. വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടതില്‍ നിന്ന് അല്‍പം കുറഞ്ഞ നിരക്കില്‍ സര്‍ച്ചാര്‍ജ് അനുവദിക്കുമെന്നാണ് കരുതുന്നത്.
കായംകുളം താപനിലയം അറ്റകുറ്റപ്പണികള്‍ക്കായി 11മുതല്‍ ഒരുമാസക്കാലം അടച്ചിടുന്നത് സംസ്ഥാനത്തെ ഊര്‍ജ്ജ പ്രതിസന്ധി കൂടുതല്‍ വഷളാക്കും. കൊച്ചിയിലെ ബിഎസ്‌ഇ താപനിലയത്തിലെ ഒരു ജനറേറ്ററും അറ്റകുറ്റപ്പണികള്‍ക്കായി പ്രവര്‍ത്തനം നിര്‍ത്തും. അവിടെനിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന 157 മെഗാവാട്ട് വൈദ്യുതി 100ആയി കുറയും.
ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യുന്നതിന് ഹിമാചല്‍ പ്രദേശ് വാഗ്‌ദാനം ചെയ്‌ത 150മെഗാവാട്ട് വൈദ്യുതി ഇനിയും കിട്ടിയിട്ടില്ല. വേണ്ടത്ര മഴലഭിക്കാതിരിക്കുകയും കേന്ദ്രവിഹിതം വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തതുമൂലം ഈവര്‍ഷം 315.05കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവുണ്ടാകുമെന്ന് കണക്കാക്കുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications