ഇന്ത്യ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ വിപണി
ബാംഗ്ലൂര്‍: കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യന്‍ മൊബൈല്‍ വിപണി വന്‍ വളര്‍ച്ച നേടിയെന്ന് പഠനം. ചൈനയ്‌ക്കു പിന്നില്‍ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈല്‍ വിപണിയായി ഇന്ത്യ മാറിയെന്നും ലോക ബാങ്ക് നടത്തിയ പഠനത്തില്‍ കണ്ടെത്തി.
നിലവില്‍ 2.50 കോടി മൊബൈല്‍ വരിക്കാരാണ് ഇന്ത്യയിലുള്ളതെന്ന് അഷീത ഭവ്‌നാനിയുടെ നേതൃത്വത്തില്‍ ബാംഗ്ലൂരില്‍ നടത്തിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.
ഗ്രാമീണ പ്രദേശങ്ങളില്‍ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തില്‍ മൊബൈല്‍ ഫോണുകളുടെ പങ്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു പഠനം സംഘടിപ്പിച്ചത്.
ചെറുകിട കച്ചവടക്കാര്‍ക്ക് അവരുടെ കച്ചവടം സുഗമമാക്കാന്‍ മൊബൈല്‍ ഫോണുകള്‍ സഹായകമാകുന്നുണ്ട്. അതു പോലെ കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ മത്സ്യത്തിന്റെ വില നിശ്ചയിക്കാനും വില്‌പന ഏകോപിപ്പിയ്‌ക്കാനുമൊക്കെ മൊബൈലുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും സര്‍വെയില്‍ കണ്ടെത്തിയിട്ടുണ്ട്.
ചൈനയില്‍ 70 ലക്ഷം മൊബൈല്‍ വരിക്കാര്‍ പ്രതിമാസം വര്‍ദ്ധിയ്‌ക്കുമ്പോള്‍ ഇന്ത്യയിലിത് 80-90ലക്ഷമാണ്. അതെ സമയം വികസിത രാജ്യമായ അമേരിക്കയില്‍ 30 ലക്ഷമാണ് വരിക്കാരുടെ വര്‍ദ്ധന.
വളരുന്ന മൊബൈല്‍ വിപണി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ജിഡിപി വര്‍ദ്ധന, പുതിയ തൊഴിലവസരങ്ങള്‍, നികുതി വര്‍ദ്ധന എന്നിവയ്‌ക്കെല്ലാം കാരണമാകുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications