വിജയകുമാറിന്റെ ചൈനാ യാത്ര കേന്ദ്രം വിലക്കി
തിരുവനന്തപുരം: ഒളിമ്പിക് കമ്മിറ്റിയുടെ ക്ഷണപ്രകാരം ചൈനയിലേക്ക് പോകാനിരുന്ന സ്‌പോര്‍ട്‌സ് മന്ത്രി എം. വിജയകുമാറിന് കേന്ദ്രം യാത്രാനുമതി നിഷേധിച്ചു.
രാഷ്ട്രീയ കാരണങ്ങളാല്‍ യാത്ര അനുവദിയ്‌ക്കാനാവില്ലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ യാത്രാനുമതി നിഷേധിച്ചു കൊണ്ടുള്ള അറിയിപ്പിലുള്ളത്.
കേന്ദ്ര സര്‍ക്കാരിന്റെ ക്ലിയറന്‍സിനായി മന്ത്രി നേരത്തെ കത്ത് നല്‌കിയിരുന്നു. ഇത് കൂടാതെ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിനെ കണ്ട് ഇക്കാര്യം സംസാരിയ്‌ക്കുകയും ചെയ്‌തു. ഒറ്റ ദിവസം കൊണ്ട് ശരിയാക്കാവുന്ന കാര്യമേയുള്ളുവെന്ന് അഹമ്മദ് അന്ന് അറിയിക്കുകയും ചെയ്‌തിരുന്നു.
കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ഓഫീസില്‍ നിന്നാണ് യാത്രാനുമതി നിഷേധിച്ച് കൊണ്ടുള്ള അറിയിപ്പ് മന്ത്രിയ്‌ക്ക് ലഭിച്ചത്.
വിജയകുമാറിന്റെ ചൈനാ സന്ദര്‍ശനം വിലക്കിയ നടപടി രാഷട്രീയ പ്രേരിതമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ കുറ്റപ്പെടുത്തി.
മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌ത ശേഷം മുഖ്യമന്ത്രി തന്നെ ഇക്കാര്യത്തില്‍ പ്രതിഷേധമറിയിച്ചു കൊണ്ട് കത്തെഴുതാന്‍ തീരുമാനിയ്‌ക്കുകയായിരുന്നു. യാത്രാനുമതി നിഷേധിച്ച നടപടി നിര്‍ഭാഗ്യകരമാണെന്ന് വിജയകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications