ഐബിഎം ജീവനക്കാരിയെ കൂട്ടമാനഭംഗം ചെയ്‌തു
പുനെ: കോള്‍ സെന്റര്‍ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നഗരത്തില്‍ നിന്നും 30കിലോമീറ്റര്‍ മാറി ഫര്‍സുഗിക്കുസമീപം കുന്നിന്‍ ചരിവിലാണ് യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിലെ പ്രതികളെക്കുറിച്ച് വിവരം നല്‍കാന്‍ കഴിയുന്ന അവസ്ഥയിലല്ല യുവതിയെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. നാന്‍ദര്‍ബാര്‍ സ്വദേശിയായ യുവതി ഒരു വര്‍ഷമായി ഐബിഎം കോള്‍സന്ററില്‍ ജോലിചെയ്‌ത് വരുകയാണ്.
ചുരുങ്ങിയത് എട്ടോ പത്തോ പേരടങ്ങിയ സംഘമാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് സൂചന. കമ്പനി നിയോഗിച്ച കാബ് ഡ്രൈവര്‍മാരെയാണ് പൊലീസ് സംശയിക്കുന്നത്. യുവതിയുടെ സുഹൃത്തായ യുവാവ് കൂട്ടമാനഭംഗം ആരോപിച്ച് കാബ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
വ്യാഴാഴ്‌ച രാത്രി കമ്പനിയില്‍ നിന്നും ലഭിച്ച ഫോണ്‍ സന്ദേശമനുസരിച്ചാണ് യുവതി ഫര്‍സുഗിയിലെ ഹോസ്‌റ്റലില്‍ നിന്നും കമ്പനി വണ്ടിയില്‍ കയറിയതെന്നും ഏതാനും അത്യാവശ്യ ജോലിയുള്ളതിനെത്തുടര്‍ന്നാണ് യുവതിയെ ഓഫീസിലേയ്‌ക്ക് വിളിപ്പിച്ചതെന്നും യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. മാത്രമല്ല യുവതി കയറിയെ വാഹനത്തെ പിന്തുടര്‍ന്നെത്തിയ ഏതാനും കാബ് ഡ്രൈവര്‍മാരാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2007 നവംബറില്‍ വിപ്രോ ബിപിഒയിലെ ജീവനക്കാരിയ ജ്യോതികുമാരി ചൗധരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കാര്‍ ഡ്രൈവറെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്‌തിരുന്നു. രാത്രിയിലെ ജോലിക്കുവേണ്ടി കമ്പനി കാറില്‍ ഒറ്റയ്‌ക്കു പുറപ്പെട്ട കുട്ടിയെ മുംബൈ-പുനെ എക്‌സ്‌പ്രസ് പാതയ്‌ക്ക സമീപത്തുകൊണ്ടുപോയി പീഡിപ്പിച്ചശേഷം ദുപ്പട്ടകൊണ്ട് കഴുത്ത് മുറുക്കി കൊന്നുവെന്നായിരുന്നു കേസ്.
കോള്‍ സെന്റര്‍ ജീവനക്കാരെ കൊണ്ടുപോകാന്‍ നിയോഗിക്കും മുമ്പ് ടാക്‌സി ഡ്രൈവര്‍മാരെക്കുറിച്ച് കമ്പനി അധികൃതര്‍ വിശദമായ അന്വേഷണം നടത്തുന്നില്ലെന്ന് അന്ന് പരാതി ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications