കള്ളനാണെന്ന് കരുതി ജനക്കൂട്ടം അടിച്ചുകൊന്നു
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മിഡ്‌നാപൂരില്‍ മോഷ്ടാവെന്ന് സംശയിച്ച് ഒരാളെ ജനക്കൂട്ടം അടിച്ചുകൊന്നു. ശനിയാഴ്‌ച രാത്രിയിലാണ് സംഭവം നടന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
മരിച്ചയാള്‍ മോഷ്ടാവാണോയെന്നകാര്യം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. മിഡ്‌നാപൂരിലെ സുകന്ധപള്ളി ഭാഗത്ത് രാത്രി 9.30തോടെ ഒരു വീട്ടില്‍ കള്ളന്‍ കയറിയെന്ന വാര്‍ത്ത പരക്കുകയായിരുന്നു. നാട്ടുകാര്‍ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.
അപ്പോഴാണ് വീടിന് സമീപത്ത് ഒരാള്‍ ഇരിക്കുന്നതായി കണ്ടത്. കള്ളനാണെന്ന് കരുതി നാട്ടുകാര്‍ ഉടന്‍തന്നെ അയാളെ മര്‍ദ്ദിക്കാന്‍ തുടങ്ങി. അയാളെ സംസാരിക്കാന്‍ പോലും അനുവദിക്കാതെയായിരുന്നുവത്രേ ജക്കൂട്ടത്തിന്റെ മര്‍ദ്ദനം.
രണ്ടുമണിക്കൂറോളം ക്രൂരമായ മര്‍ദ്ദനം തുടരുകയും അയാള്‍ മരിക്കുകയുമായിരുന്നു. വളരെ വൈകിയാണ് പൊലീസ് വിവരമറിഞ്ഞതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ആര്‍.കെ സിങ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല.












Click it and Unblock the Notifications