മലയാളിയെഴുതിയ ഒളിമ്പിക്‌സ് ഗാനം ചൈനയില്‍ ഹിറ്റ്
ബെയ്‌ജിങ്: ഒളിമ്പിക്‌സ് മാമാങ്കം അരങ്ങ് തകര്‍ക്കുന്ന ചൈനയില്‍ മലയാളിയെഴുതിയ ഇംഗ്ലീഷ് ഗാനം വന്‍ ഹിറ്റ്. മലബാര്‍ ക്രിസ്‌ത്യന്‍ കോളജിലെ ചരിത്രാധ്യാപകനായ എം.സി വസിഷ്‌ഠ് രചിച്ച ബെയ്‌്‌ജിങ് ഒളിമ്പിക് ഗാനം എഫ്‌എം റേഡിയോകളിലൂടെ ബെയ്‌ജിങിലെങ്ങും മുഴങ്ങുകയാണ്.
ചൈന റേഡിയോ ഇന്റര്‍നാഷണലിന്റെ ഹിന്ദി ചാനലാണ് ഗാനം പ്രക്ഷേപണം ചെയ്യുന്നത്. ചൈന മുഴുവന്‍ ആഘോഷിയ്‌ക്കുന്നു ഒളിമ്പിക്‌സിന്റെ ആവേശം എന്നു തുടങ്ങുന്ന ഗാനം ജൂലൈ പകുതി മുതലാണ് സംപ്രേക്ഷണം ചെയ്‌തു തുടങ്ങിയത്. രണ്ട് മിനിറ്റും പത്ത് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ഗാനം ഒളിമ്പിക്‌സ് പ്രസ്ഥാനത്തിന്റെയും ആശയത്തെയും ഒളിമ്പിക്‌സ് ആഘോഷമാക്കിയ ചൈനയെയും കുറിച്ചാണ്.
2001 ജൂലായില്‍ ഒളിമ്പിക്‌സിന് ചൈന യോഗ്യത നേടിയ സമയത്തു തന്നെയാണ് വസിഷ്‌ഠിന് ഇത്തരമൊരു ഗാനമെഴുതാനുള്ള ആലോചനയുണ്ടായത്.
രണ്ട് വര്‍ഷം മുമ്പ് ഗാനത്തിന്റെ സിഡി ഈ ചരിത്രാധ്യാപകന്‍ ദില്ലിയിലുള്ള ചൈന റേഡിയോ ഇന്റര്‍നാഷണലിന് (സിആര്‍ഐ) അയച്ചു കൊടുത്തിരുന്നു. ബെയ്‌ജിങിലേക്കുള്ള ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലേക്ക് അവര്‍ ഇത് അയച്ചു കൊടുക്കുകയും ചെയ്‌തു.
2007 ജൂണില്‍ ബെയ്‌ജിങ് സിആര്‍ഐ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഗാനം ലഭിച്ചതായി ഒരു മെയില്‍ വസിഷ്‌ഠിന് ലഭിച്ചു.
തുടര്‍ന്ന് കഴിഞ്ഞ മാസം ജൂലായ് 16ന് സിആര്‍ഐയില്‍ നിന്ന് ഇമെയില്‍ സന്ദേശത്തില്‍ ജൂലായ് 20 മുതല്‍ സിആര്‍ഐയുടെ അന്താരാഷ്ട്ര ഹിന്ദി ചാനലില്‍ ഗാനം പ്രക്ഷേപണം ചെയ്യുമെന്ന് സിആര്‍ഐയില്‍ നിന്ന് അദ്ദേഹത്തിന് വിവരം ലഭിയ്ക്കുകയായിരുന്നു.
ബെയ്‌ജിങ് ആഘോഷമാക്കിയ തന്റെ ഗാനം ചൈനീസ് റേഡിയോയിലൂടെ കേള്‍ക്കാന്‍ ഈ മലയാളിയ്‌ക്ക് ഇതു വരെ ഭാഗ്യം ലഭിച്ചിട്ടില്ല. റേഡിയോ ചാനല്‍ ഇവിടെ ലഭിയ്‌ക്കാത്തതാണ് കാര്യം. എന്തൊക്കെയായാലും ലോകത്തിന്റെ ആഘോഷത്തില്‍ തന്റെ ഗാനവും പങ്കു ചേരുന്നുണ്ടെന്ന സന്തോഷത്തിലാണ് ഈ അധ്യാപകന്‍.












Click it and Unblock the Notifications