തനിക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചുവെന്ന് വിഎസ്
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന കമ്മിറ്റിയും കേന്ദ്രനേതൃത്വവും തനിയ്‌ക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.
സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചപ്പോള്‍ ഞാന്‍ പട്ടികയില്‍ ഉണ്ടായിരുന്നില്ല. ഞാന്‍ സ്ഥാനാര്‍ത്ഥിയായാല്‍ യുഡിഎഫ് ആയിരിക്കും അധികാരത്തില്‍ കയറുകയെന്ന് പാര്‍ട്ടിയുടെ നേതൃനിരയിലെ ഒരു വിഭാഗം പൊളിറ്റ് ബ്യൂറോയ്‌ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
യുഡിഎഫിനെ തോല്‍പിച്ച് എല്‍ഡിഎഫ് അധികാരത്തില്‍ വരണമെങ്കില്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയാകാതിരിക്കുന്നതാണ് സൗകര്യമെന്ന് അവര്‍ പിബിയ്‌ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു- വി.എസ് പറഞ്ഞു.
പിന്നീട് ചേര്‍ന്ന പിബി യോഗത്തില്‍ സ്ഥാനര്‍ത്ഥിത്വം ചര്‍ച്ച ചെയ്‌തപ്പോളും ചിലര്‍ ഇതേ കാര്യം ഉന്നയിച്ചു. ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിയാകുന്നില്ലെന്നും എന്റെ മണ്ഡലമായ മലമ്പുഴയില്‍ മറ്റാരെയെങ്കിലും മത്സരിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു. അങ്ങനെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുകയായിരുന്നു.
ഇക്കാര്യം മാധ്യമങ്ങളില്‍ വന്നശേഷം സഖാക്കളും പ്രവര്‍ത്തകരും നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ പിബിയ്‌ക്ക് ലഭിച്ചു. ഒരു വിഭാഗം സഖാക്കള്‍ പിബിയെ അറിയിച്ചത് തികച്ചും തെറ്റാണെന്നും വിഎസ് സ്ഥാനാര്‍ത്ഥി ആകാതിരുന്നാല്‍ യുഡിഎഫ് വിജയിക്കുമെന്നും തീരുമാനം തിരുത്തണമെന്നും ഒട്ടേറെ കമ്മറ്റികളിലും സംസ്ഥാന കമ്മിറ്റിയിലും ആവശ്യമുയര്‍ന്നു.
ഇതേത്തുടര്‍ന്ന് പാര്‍ട്ടി അനുഭാവികളുടെ അഭിപ്രായം കൂടി മാനിച്ച് പിബി വീണ്ടും യോഗം ചേര്‍ന്ന് എന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിയ്‌ക്കുകയായിരുന്നു. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തെടെ കേരള ജനത എന്റെ നേതൃത്വത്തിലുള്ള മുന്നണിയെ തിരഞ്ഞെടുത്തു.
ഇതെല്ലാം എല്ലാവര്‍ക്കും അറിയുന്നകാര്യമാണ്. എന്നെക്കുറിച്ചുണ്ടായ ഏകപക്ഷീയമായ അഭിപ്രായങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കി പിബി കൈക്കൊണ്ട് തീരുമാനത്തിനെതിരെ കോട്ടയം സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി. സിപിഎമ്മിന്റെ നേതൃകമ്മിറ്റി ആദ്യമെടുത്ത തീരുമാനം പിന്നീട് മാറ്റിയത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് വിമര്‍ശനം വന്നു. തുടര്‍ന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയകാര്യത്തില്‍ സംഭവിച്ചതെന്താണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അവിടെ വിശദീകരിച്ചു- വിഎസ് പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications