ഓര്‍ക്കുട്ടില്‍ വി.എസിനെ അവഹേളിക്കുന്ന പ്രൊഫൈല്‍
തിരുവനന്തപുരം: കമ്യൂണിറ്റി വെബ്‌സൈറ്റായ ഓര്‍ക്കുട്ടില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പേരില്‍ വ്യാജപ്രൊഫൈല്‍. വിഎസിന്റെ ഫോട്ടോയോടൊപ്പം കളിയാക്കുന്ന രീതിയിലുള്ള ജീവചരിത്രരേഖയുമായാണ് ഓര്‍ക്കുട്ടില്‍ അദ്ദേഹത്തിന്റെ വ്യാജപ്രൊഫൈല്‍ നിര്‍മ്മിച്ചിരിക്കുന്നത്.
അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന രീതിയിലുള്ള ഉള്ളടക്കമാണ് ഇതിലുള്ളത്. സ്‌ത്രീകളുമായി ഡേറ്റിങിന് താല്‍പര്യമുള്ള ആളായാണ് വി.എസിനെ ചിത്രീകരിച്ചിരിക്കുന്നത്. നിരീശ്വരവാദി, നര്‍മ്മം ഇഷ്ടപ്പെടാത്തയാള്‍ എന്നിങ്ങനെ പോകുന്നു വിവരങ്ങള്‍.
ഒപ്പം കാവുവാരലാണ് ഇഷ്ടവിനോദമെന്നും ചേര്‍ത്തിട്ടുണ്ട്. പരിപ്പുവടയും ബീഡിയുമാണ് ഇഷ്ടവിഭവങ്ങളുടെ സ്ഥാനത്ത് ചേര്‍ത്തിരിക്കുന്നത്. വായന അറിയാത്തതിനാല്‍ വായനാശീലം ഇല്ലെന്നും മസിലുപിടുത്തക്കാരനാണെന്നും പറയുന്നുണ്ട്.
ഇതോടൊപ്പംതന്നെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്റെയും വ്യാജ പ്രൊഫൈലുകള്‍ ഓര്‍ക്കുട്ടില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പണംമാത്രം ലക്ഷ്യം വച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നയാള്‍ എന്നാണ് പിണറായിയുടെ പ്രൊഫൈലില്‍ വ്യക്തമാക്കിയിരിക്കുന്നത്. മദ്യപാനിയും പുകവലിക്കാരനുമായി ചിത്രീകരിച്ച പിണറായി പുസ്‌തകം കണ്ടിട്ടില്ലെന്നും പറയുന്നുണ്ട്.
മക്കള്‍ക്കുവേണ്ടി ജീവിക്കുന്ന തനിക്ക് മക്കള്‍ കഴിഞ്ഞേ മറ്റെന്തുവുള്ളുവെന്നാണ് കരുണാകരന്റെ പേരില്‍ പ്രസിദ്ധീകരിച്ച പ്രൊഫൈലിലുള്ളത്. മന്ത്രിസ്ഥാനമാണ് തന്റെ ലക്ഷ്യമെന്നും പ്രൊഫൈലില്‍ പറയുന്നു.
കൊല്ലം സ്വദേശിയയാ അപ്പ എന്ന ഗോകുല്‍ മാത്രമാണ് വിഎസിന്റെ പ്രൊഫൈലില്‍ സുഹൃത്തായി ചേര്‍ന്നത്. പക്ഷേ 24സ്‌ക്രാപ്പ് ബുക്ക് എന്‍ട്രികള്‍ ഇതിലുണ്ട്. ഇവയില്‍ പലതിലും മോശമായ പരാമര്‍ശങ്ങളാണുള്ളത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications