ജനങ്ങളെ ഭിന്നിപ്പിയ്‌ക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കും; മന്‍മോഹന്‍
ദില്ലി: മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിയ്‌ക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ ബാധിയ്‌ക്കുമെന്ന് പ്രധാനമന്ത്രി. ജമ്മു കശ്‌മീരിലെ അമര്‍നാഥ് പ്രശ്‌നം സൂചിപ്പിച്ചു കൊണ്ടാണ് മന്‍മോഹന്‍ സിങ് ഈ മുന്നറിയിപ്പ് നല്‌കിയത്.
ഇന്ത്യയുടെ അറുപത്തിയൊന്നാം സ്വാതന്ത്ര്യ ദിന വാര്‍ഷിക ദിനത്തില്‍ ദില്ലിയിലെ ചുവപ്പ് കോട്ടയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്‌ത് സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി ത്രിവര്‍ണ പതാകയുയര്‍ത്തിയതോടെ രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. പതാക ഉയര്‍ത്തല്‍ ചടങ്ങിന് ശേഷം ഇന്ത്യയുടെ 299 റൈഫിള്‍ റജിമെന്റിന്റെ വകയായി 21 ഗണ്‍ സല്യൂട്ടും പ്രധാനമന്ത്രി സ്വീകരിച്ചു.
സമീപകാലത്ത് രാജ്യത്ത് പലയിടങ്ങളിലും സ്‌ഫോടന പരമ്പര നടന്ന പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളോടെയായിരുന്നു ദില്ലിയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
രാഷ്ട്രത്തെ അഭിസംബോധന ചെയ്‌ത് നടത്തിയ പ്രസംഗത്തില്‍ ജനങ്ങള്‍ക്ക് നല്‌കിയ പ്രതിജ്ഞകള്‍ പാലിയ്‌ക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‌കി.
പുതിയ വാഗ്‌ദാനങ്ങള്‍ ഒന്നും നല്‌കാനില്ലെന്നും എല്ലാവര്‍ക്കും തുല്യ നീതി ലഭിയ്‌ക്കുന്ന രാഷ്ട്രം പടുത്തുയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കൃഷി യോജനാ പദ്ധതിയിലൂടെ 25,000 കോടി രൂപ നിക്ഷേപിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. തൊഴില്‍ വര്‍ദ്ധിപ്പിയ്‌ക്കുകയാണ് സര്‍ക്കാരിന്റെ മറ്റൊരു ലക്ഷ്യം. വ്യവസായങ്ങളുടെ പുരോഗതിയ്‌ക്ക് ആണവക്കരാര്‍ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications