ശോഭനാ ജോര്‍ജ് മാപ്പു പറഞ്ഞു; അപകീര്‍ത്തിക്കേസ് തീര്‍പ്പാക്കി
കൊച്ചി: ഹവാല ഇടപാടില്‍ മുന്‍മന്ത്രി കെ വി തോമസിന് ബന്ധമാരോപിച്ച വ്യാജരേഖ ചമച്ചത് ക്രൈം എഡിറ്റര്‍ നന്ദകുമാര്‍ ആണെന്ന് ആരോപിച്ച മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ് കോടതിയില്‍ മാപ്പു പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ നന്ദകുമാര്‍ ഫയല്‍ ചെയ്‌ത മാനനഷ്ടക്കേസ് എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി തീര്‍പ്പാക്കി. ശോഭനാ ജോര്‍ജ് നിരുപാധികം മാപ്പു പറയുകയും പരാതി പിന്‍വലിക്കുകയും ചെയ്‌തിട്ടുണ്ട്. അതിനാല്‍ അവര്‍ക്കെതിരെ കേസ് തുടരാന്‍ നന്ദകുമാര്‍ ആഗ്രഹിക്കുന്നില്ല.
മാനനഷ്ടക്കേസ് തീര്‍പ്പാക്കല്‍ അപേക്ഷ ഇരുകൂട്ടരും ഒപ്പിട്ട് കോടതിയില്‍ സമര്‍പ്പിച്ചു. വ്യാഴാഴ്‌ച കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ ഇരുവരും ഹാജരായിരുന്നു. ശോഭനാ ജോര്‍ജ് പ്രതിയായി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ മറ്റൊരു കേസുണ്ട്. ഈ കേസില്‍ നിന്നും പിന്‍വാങ്ങുന്നില്ലെന്ന് നന്ദകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
336 കോടിരൂപയുടെ ഹവാല ഇടപാട് സംബന്ധിച്ച വ്യജാരേഖാ കേസില്‍ 2002 സെപ്‌തംബര്‍ 26ന് തിരുവനന്തപുരത്തെ വീട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ശോഭനാ ജോര്‍ജ് നന്ദകുമാറിനെതിരെ ആരോപണം ഉന്നയിച്ചത്. ശോഭനാ ജോര്‍ജ് അധികാരികളുമായി ഗൂഡാലോചന നടത്തി തന്നെ അറസ്‌റ്റുചെയ്യിച്ചെന്നാണ് നന്ദകുമാര്‍ അപകീര്‍ത്തിക്കേസില്‍ പറഞ്ഞത്.












Click it and Unblock the Notifications