രണ്ടാം ഭൂപരിഷ്‌കരണം വിപ്ലവവായാടിത്തമാണെന്ന് പിണറായി
ഇടുക്കി: രണ്ടാംഭൂപരിഷ്‌കരണം വിപ്ലവവായാടിത്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാജ്യത്ത് അരാജകത്വം വളര്‍ത്താന്‍ മാത്രമേ ഇതു വഴിവയ്‌ക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഇടതുതീവ്രവാദികളാണ് ഈ ആവശ്യം ഉയര്‍ത്തുന്നത്. സര്‍ക്കാറും സിപിഎമ്മും ഇതിനെ പിന്തുണയ്‌ക്കുന്നില്ല- പിണറായി വ്യക്തമാക്കി.
പഴയ തീവ്രവാദികളായ ചില മാധ്യമപ്രവര്‍ത്തകരാണ് പുതിയ വാദങ്ങള്‍ക്ക് പിന്നില്‍. മുമ്പ് ജന്മിമാരുടെ കൈവശമിരുന്ന ഭൂമി പിടിച്ചെടുത്ത് സാധാരണക്കാര്‍ക്ക് ലഭ്യമാക്കാനാണ് ഭൂപരിഷ്‌കരണം നടത്തിയത്.
അവശേഷിക്കുന്ന മിച്ചഭൂമി ജനങ്ങള്‍ക്ക് നല്‍കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുമ്പോഴാണ് മണ്ണില്‍ പണിയെടുക്കാത്ത സാധാരണക്കാരുടെ ഭൂമി പിടിച്ചെടുത്ത് പണിയെടുക്കുന്ന സാധാരണക്കാര്‍ക്ക് നല്‍കണമെന്ന ആശയം ചിലര്‍ പ്രചരിപ്പിക്കുന്നത്.
മണ്ണില്‍ പണിയെടുക്കാത്ത ധാരാളം സാധാരണക്കാര്‍ ഇരുപത് സെന്റ് മുതല്‍ ഒരേക്കര്‍വരെ കൈവശം വയ്‌ക്കുന്നുണ്ട്. ഇത്തരക്കാര്‍ സര്‍ക്കാര്‍ ജീവനക്കാരോ മറ്റേതെങ്കിലും ജോലി ചെയ്യുന്നവരോ ആണ്- അദ്ദേഹം പറഞ്ഞു.
അവസരവാദികളും റിവിഷനിസ്റ്റുകളുമാണ് തീവ്രവാദത്തെ ഭയപ്പെടുന്നതെന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്‌താവന വിവാദമായ സാഹചര്യത്തിലാണ് പിണറായി വീണ്ടും ശക്തമായ ഭാഷയില്‍ രണ്ടാം പരിഷ്ക്കരണം എന്ന ആശയത്തിനെതിരെ പ്രതികരിച്ചിരിക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications