ഒറ്റ രൂപ നാണയത്തിന് വില 2.2 ലക്ഷം
ബാംഗ്ലൂര്‍: ഒരു രൂപയ്‌ക്ക് എന്ത് വില വരും. ഒരു രൂപ തന്നെയെന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ തെറ്റി. സ്വതന്ത്ര്യ ദിനത്തില്‍ ബാംഗ്ലൂരില്‍ സംഘടപ്പിച്ച ലേലത്തില്‍ ഒരാള്‍ ഒറ്റ രൂപ നാണയം സ്വന്തമാക്കിയത് 2.2 ലക്ഷം രൂപയ്‌ക്കാണ്.
1960ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു രൂപ നാണയത്തിനാണ് ഈ മോഹവില ലഭിച്ചത്. വിപണിയിലില്ലാത്ത ഈ നാണയം അത്യാപൂര്‍വമായത് കൊണ്ടാണ് ഇത്രയും ഉയര്‍ന്ന വില ലഭിച്ചതെന്ന് ലേലം നടത്തിയ ബാംഗ്ലൂര്‍ നാണയ ശാസ്‌ത്ര സൊസൈറ്റി പ്രസിഡന്റ് മഹേഷ് ജംബുലിംഗം പറഞ്ഞു.
മോഹവിലയ്‌ക്ക് നാണയം സ്വന്തമാക്കിയയാളുടെ പേര് ലേലം നടത്തിപ്പുകാര്‍ പുറത്തു വിട്ടിട്ടില്ല. 1960ല്‍ ഈ നാണയം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നെങ്കിലും വിപണിയിലിറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‌കിയിരുന്നില്ല. 'സൗ നയെ പൈസ' എന്ന് നാണയത്തിനു മേല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അത്യപൂര്‍വ നാണയമായതിനാല്‍ രണ്ട് ലക്ഷം രൂപയ്‌ക്കാണ് ലേലം വിളി തുടങ്ങിയിരുന്നത്. ബ്രീട്ടീഷ് ഭരണകാലത്തെയും ബിസി 200 കാലത്തെ വെള്ളി നാണയമുള്‍പ്പടെ ഒട്ടേറെ അപൂര്‍വ നാണയങ്ങള്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു. ഇവയില്‍ പലതും ലേലത്തില്‍ പോകുകയും ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications