ഉപതിരഞ്ഞെടുപ്പ് ഇടത് മുന്നില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഇടതു മുന്നണിയ്‌ക്ക് മുന്‍തൂക്കം.
ഫലം പുറത്തു വന്ന 26 സീറ്റുകളില്‍ 14 എണ്ണം ഇടതു മുന്നണി സ്വന്തമാക്കിയപ്പോള്‍ യുഡിഎഫ് മുന്നണിയ്‌ക്ക് 11 ഇടങ്ങളില്‍ മാത്രമാണ് വിജയിക്കാനായത്. ഒരു സീറ്റില്‍ ബിജെപിയും വിജയിച്ചു.
തിരുവനന്തപുരം നഗരസഭയിലെ വിളവൂര്‍ക്കല്‍ പഞ്ചായത്തിലാണ് ബിജെപി സ്ഥാനാര്‍ഥിയായ കെ. രാജപ്പന്‍ വിജയിച്ചത്. ആകെ 27 വാര്‍ഡുകളിലായിരുന്നു ഉപതിരഞ്ഞെടുപ്പെങ്കിലും പാലക്കാട് ജില്ലയിലെ ആനപ്പാറ വാര്‍ഡില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സിപിഐ-സിപിഎം ഭിന്നത രൂക്ഷമായ വെളിയം ഗ്രാമപഞ്ചായത്തിലെ കട്ടിയില്‍ വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്നും സിപിഎം പിടിച്ചെടുത്തു. സിപിഎം സ്ഥാനാര്‍ഥിയായ ഗണേഷ് 255 വോട്ടിനാണ് കോണ്‍ഗ്രസിന്റെ എം.എസ് പീറ്ററിനെ പരാജയപ്പെടുത്തിയത്.
പരവൂര്‍ മുനിസിപ്പാലിറ്റിയിലെ ചില്ലയ്‌ക്കല്‍ വാര്‍ഡിലെ വിജയമാണ് ഉപതിരഞ്ഞെടുപ്പിലെ മറ്റൊരു ശ്രദ്ധേയമായ മത്സരം നടന്നത്. കോണ്‍ഗ്രസിന്റെ കുത്തക സീറ്റായിരുന്ന ഇവിടെ സിപിഎം സ്ഥാനാര്‍ഥി അട്ടിമറി വിജയമാണ് നേടിയത്. കോണ്‍ഗ്രസിന്റെ വൈ. സുബൈറിനെ സിപിഎമ്മിന്റെ കമാലാണ് തോല്‍പ്പിച്ചത്.
കൊപ്പം ഗ്രാമപഞ്ചായത്തിലെ കൊപ്പം വാര്‍ഡില്‍ കോണ്‍ഗ്രസിലെ സുധ അജയഘോഷും എഴുമറ്റൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ യുഡിഎഫിലെ പൊന്നച്ചന്‍ പഴൂരും വിജയിച്ചു.
പാലക്കാട് ജില്ലയിലെ പുതുശേരി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ കോണ്‍ഗ്രസ്-ബിജെപി സംയുക്ത സ്ഥാനാര്‍ഥിയായിരുന്ന കെ. ശിവദാസിനെ 391 വോട്ടുകള്‍ക്ക് സിപിഎമ്മിലെ അരുള്‍ രാജ് പരാജയപ്പെടുത്തി. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഇവിടെ വാശിയേറിയ പോരാട്ടമായിരുന്നു നടന്നത്.












Click it and Unblock the Notifications