ബിഎംഡബ്ല്യു കേസ്: അഭിഭാഷകരെ ശിക്ഷിച്ചു
ദില്ലി: കോടതിയെ തെറ്റിദ്ധരിപ്പിയ്‌ക്കാന്‍ ശ്രമിച്ചതിനും നീതി നിര്‍വഹണം തടസ്സപ്പെടുത്തിയതിനും ദില്ലി ഹൈക്കോടതിയിലെ രണ്ട് മുതിര്‍ന്ന അഭിഭാഷകരെ കോടതി ശിക്ഷിച്ചു.
ബിഎംഡബ്ല്യു കാറിടിച്ച് കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ ദൃക്‌സാക്ഷികളെ സ്വാധീനിയ്‌ക്കാന്‍ ശ്രമിച്ചുവെന്നതായിരുന്നു ഇവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം.
അഭിഭാഷകരായ ആര്‍.കെ ആനന്ദ്, ഐ.യു ഖാന്‍ എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഇരുവരും നാല് മാസത്തേക്ക് ദില്ലി ഹൈക്കോടതിയിലും അനുബന്ധ കോടതികളിലും പ്രവേശിയ്‌ക്കുന്നതും വിലക്കിയ കോടതി രണ്ടായിരം രൂപ പിഴയും വിധിച്ചു.
ഇത് കൂടാതെ മുതിര്‍ന്ന അഭിഭാഷകരെന്ന പരിഗണന ഇവര്‍ക്കുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. ഒരു സ്വകാര്യ ടിവി ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് അഭിഭാഷകര്‍ ദൃക്‌സാക്ഷിയെ സ്വാധീനിയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നത്.
ബിഎംഡബ്ല്യു കേസിലെ പ്രതിയായിരുന്ന മുന്‍ നാവിക സേനാ മേധാവി എസ് എം നന്ദയുടെ മകന്‍ സഞ്‌ജീവ് നന്ദയെ രക്ഷിയ്‌ക്കുന്നതിന് വേണ്ടിയാണ് അഭിഭാഷകര്‍ ദൃക്‌സാക്ഷികളെ സ്വാധീനിയ്‌ക്കാന്‍ ശ്രമിച്ചത്.
1999 ജനുവരി 10ന് സഞ്‌ജീവ് നന്ദ വഴിയരികില്‍ ഉറങ്ങി കിടക്കുന്ന ആറ് തൊഴിലാളികളുടെ മേല്‍ കാര്‍ കയറ്റിയെന്നതായിരുന്നു കേസ്.












Click it and Unblock the Notifications