മുടികൊഴിച്ചില്‍ അബുസലേമിന്റെ ഉറക്കം കെടുത്തുന്നു
മുംബൈ: മുംബൈ സ്‌ഫോടനപരമ്പരക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധോലോക രാജാവ് അബു സലേമിന് മുടികൊഴിച്ചില്‍. അനിയന്ത്രിതമായ മുടികൊഴിച്ചില്‍ മൂലം സലേമിന് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് ജയില്‍ വൃത്തങ്ങള്‍ പറയുന്നത്.
ആര്‍തര്‍ റോഡ് ജയിലില്‍ കുളിക്കാനായി നല്‍കുന്ന വെള്ളം മുടികൊഴിച്ചിലിന് ഇടയാക്കുന്നുണ്ടെന്ന് ജയിലിലടച്ച നാളുകള്‍ മുതല്‍തന്നെ സലേം പരാതിപ്പെടുന്നുണ്ട്. മുടികൊഴിച്ചില്‍ കാരണം ഏതാനും ആഴ്‌ചകള്‍ക്കുമുമ്പ് സലേം തല മൊട്ടയടിച്ചിരുന്നു.
മുടികൊഴിച്ചിലിനെതിരെ ചികിത്സ തേടാന്‍ അനുമതി ലഭിക്കാനായി കോടതിയില്‍ ഒരു അപേക്ഷ നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചുവരുകയാണെന്ന് സലേമിന്റെ അഭിഭാഷകന്‍ റഷീദ് അന്‍സാരി പറഞ്ഞു.
സലേം വസ്‌ത്രധാരണത്തിലും ശരീരസംരക്ഷണത്തിലും വല്ലാതെ ശ്രദ്ധയുള്ളയാളാണെന്നും 2005ല്‍ ലിസ്‌ബണിലെ ജയിലില്‍ നിന്നും ഇന്ത്യയിലേയ്‌ക്ക് വരുമ്പോള്‍ അദ്ദേഹം തന്റെ പ്രിയ ബ്രാന്റുകളില്‍പ്പെട്ട ചില വസ്‌ത്രങ്ങളും കൂടെക്കരുതിയിരുന്നുവെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ അറസ്റ്റു ചെയ്‌ത ഉദ്യോഗസ്ഥന്‍ പറയുന്നു.
ആര്‍തര്‍ റോഡ് ജയിലില്‍ കൊണ്ടുവന്നശേഷം തന്റെ മുറിയില്‍ രണ്ട് ഡംബെല്‍സ് സൂക്ഷിക്കാനുള്ള അനുമതിയ്‌ക്കായി സലേം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കോടതി അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ചു. ഇപ്പോള്‍ സലേം മുടങ്ങാതെ വ്യായാമം ചെയ്യുന്നുണ്ടത്രേ.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications