മെഡിക്കല്‍ സര്‍വകലാശാലയ്‌ക്ക് മന്ത്രിസഭാ അംഗീകാരം
തിരുവനന്തപുരം: തൃശൂര്‍ കേന്ദ്രമാക്കി ആരംഭിയ്‌ക്കുന്ന മെഡിക്കല്‍ സര്‍വകലാശാലയ്‌ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‌കി.
ഇതിന്റെ പ്രൊജക്‌റ്റ് ഡയറക്ടറായി ഉഷാ ടൈറ്റസിനെ നിയമിയ്‌ക്കാനും തീരുമാനിച്ചു. കെഎസ്‌ഇബിയെ പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിയ്‌ക്കാന്‍ വൈദ്യുതി വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.
കൊല്ലത്ത് ഇഎസ്‌ഐ മെഡിക്കല്‍ കോളെജ് സ്ഥാപിയ്‌ക്കാനും മന്ത്രിസഭ അനുമതി നല്‌കി. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് ഇക്കാര്യമറിയിച്ചത്.
മലേഷ്യയില്‍ നിന്നും സബ്‌സിഡിയോടെ പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാനത്തിന്റെ ശക്തമായ പ്രതിഷേധമറിയിക്കും.
പാമോയില്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാനുള്ള പദ്ധതിയ്‌ക്കു പകരം വെളിച്ചെണ്ണ കിലോയ്‌ക്ക് 15 രൂപ സബ്‌സിഡി നല്‍കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിയ്‌ക്കാനും യോഗം തീരുമാനിച്ചു.
തിരുവനന്തപുരത്ത് കൊല്ലപ്പെട്ട സന്തോഷ് കുമാറിന്റെ കുടുംബത്തിന് പട്ടിക ജാതി വകുപ്പില്‍ നിന്നും രണ്ട് ലക്ഷം രൂപ അനുവദിയ്‌ക്കാനും കൊടുങ്ങല്ലൂരില്‍ പുതുതായി ഒരു പോലീസ് സര്‍ക്കിള്‍ ഓഫീസ് ആരംഭിയ്‌ക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.












Click it and Unblock the Notifications