വടയില്‍ ഈര്‍ക്കില്‍: കാല്‍ലക്ഷം നഷ്ടപരിഹാരം
തിരുവനന്തപുരം: വിമാനത്തില്‍ നല്‍കിയ വടകഴിച്ച് വായ മുറിഞ്ഞ യാത്രക്കാരിയ്‌ക്ക് 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവായി. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ ഭാഗമായ പെര്‍മനന്റ് ലോക് അദാലത്താണ് ഇന്ത്യന്‍ എയര്‍ലൈന്‍സ്, മുത്തൂറ്റ് സ്‌കൈഷെഫ് എന്നിവയ്‌ക്കെതിരെ വിധി പുറപ്പെടുവിച്ചത്.
ദൂരദര്‍ശന്‍ മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ കെ കുഞ്ഞികൃഷ്‌ണന്റെ ഭാര്യ രാഗിണി കൃഷ്‌ണനാണ് പരാതിക്കാരി. 2007 ഏപ്രില്‍ 16ന് ഇവര്‍ രണ്ടുപേരും ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ചെന്നൈയ്‌ക്ക് യാത്രചെയ്യുമ്പോഴാണ് വിമാനത്തില്‍ നല്‍കിയ വടയില്‍ നിന്നും ഈര്‍ക്കില്‍ കിട്ടിയത്. ഈര്‍ക്കില്‍ വായില്‍ തടഞ്ഞ് മുറിഞ്ഞതിനെത്തുടര്‍ന്ന് രാഗിണിയ്‌ക്ക് ചികിത്സതേടേണ്ടിവന്നിരുന്നു.
സംഭവത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിനും വിമാനത്തില്‍ ആഹാരം വിതരണം ചെയ്‌ത മുത്തൂറ്റ് സ്‌കൈഷെഫിനും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് അഭിഭാഷകനായ എസ് രഘുകുമാര്‍ മുഖേന ഇവര്‍ ലോക് അദാലത്തിനെ സമീപിക്കുകയായിരുന്നു.
വിമാനത്തില്‍ വിതരണം ചെയ്‌തത് ചീര വടയായിരുന്നുവെന്നും ചീരയുടെ തണ്ടുകാരണമാണ് വായില്‍ മുറിവുണ്ടായതെന്നും കമ്പനികള്‍ വാദിച്ചു. എന്നാല്‍ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പരിഗണിച്ച് അദാലത്ത് ചെയര്‍മാന്‍ എ.ഡെന്നിസണ്‍, അംഗം കെഎംഎ ലത്തീഫ് എന്നിവര്‍ ഈ വാദം തള്ളി.
ഇന്ത്യന്‍ എയര്‍ലൈന്‍സും മുത്തൂറ്റ് സ്‌കൈഷെഫും ചേര്‍ന്ന് രാഗിണിയ്‌ക്ക് 25,000രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് അദാലത്ത് വിധിയ്‌ക്കുകയും ചെയതു. ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ആറുശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications