സെസ്: കേന്ദ്രനേതൃത്വവും മുന്നണിയുമായി ആലോചിച്ചശേഷമെന്ന് വി.എസ്
തിരുവനന്തപുരം: പ്രത്യേക സാമ്പത്തിക മേഖലയെച്ചൊല്ലി ഇടതുമുന്നണിയില്‍ അഭിപ്രായവ്യത്യാസം മുറുകുന്നു. സെസിനെ എതിര്‍ക്കുന്ന മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനൊപ്പം ഘടകകക്ഷികളായ സിപിഐയും ആര്‍എസ്‌പിയും നിലയുറപ്പിക്കുമ്പോള്‍ സിപിഎമ്മിലെ ഔദ്യോഗിക പക്ഷവും ഡിവൈഎഫ്‌ഐയും സെസിനനുകൂലമായ വാദവുമായി രംഗത്തുണ്ട്.
സിപിഎം കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്‌തശേഷം മാത്രമേ സെസിന്റെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുകയുള്ളുവെന്ന് വി.എസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇടതുമുന്നണിയുടെ തീരുമാനത്തിന് പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സെസിന് 21 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും മാനദണ്ഡമനുസരിച്ച് കേന്ദ്രത്തിന് അയയ്‌ക്കാനാണ് സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സംസ്ഥാന കമ്മിറ്റിയ്‌ക്ക് തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അതേസമയം തന്നെ ഇടതുമുന്നണി സംവിധാനത്തില്‍ ഘടകകക്ഷികളുടെ അഭിപ്രായം കൂടി മാനിച്ചേ മുന്നോട്ടുപോകൂ എന്നും അദ്ദേഹം പറഞ്ഞു.
സിപിഎം കേന്ദ്രനേതൃത്വവുമായി ചര്‍ച്ചചെയ്‌ത് എങ്ങനെ നടപ്പാക്കാമെന്ന് തീരുമാനിയ്‌ക്കും. അതില്‍ ആശയക്കുഴപ്പമില്ല. സെസിന്റെ കാര്യത്തില്‍ കേന്ദ്രം പ്രഖ്യാപിച്ച വ്യവസ്ഥകളിലെ ചില കാര്യങ്ങളോട് ഇടതുകകക്ഷികള്‍ക്കുള്ള എതിര്‍പ്പ് മുമ്പേ പ്രകടിപ്പിച്ചിട്ടുണ്ട്. പ്രത്യേക സാമ്പത്തിക മേഖലയുടെ പ്രയോജനം ലഭിക്കുന്നവര്‍ക്ക് സിമന്റ്, കമ്പി മുതലായവ നികുതിയില്ലാതെ ലഭിക്കും. സാധാരണ ആയിരം രൂപയ്‌ക്കു ചെയ്യുന്ന നിര്‍മ്മാണ പ്രവര്‍ത്തനം 200 രൂപയ്‌ക്ക് ചെയ്യാന്‍ കഴിയും.
സ്വാശ്രയ പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ 50:50 എന്നു പറഞ്ഞുനടന്ന എകെ ആന്റണിയെ പിന്നീട് സ്വകാര്യമാനേജ്‌മെന്റ് തന്നെ പറ്റിച്ചു എന്നുപറഞ്ഞതുപോലെ സെസിന്റെ കാര്യത്തില്‍ സംഭവിച്ചുകൂടെന്ന് നിര്‍ബ്ബന്ധമുണ്ടെന്നും വി.എസ് പറഞ്ഞു.
ഇതിനിടെ സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയ്‌ക്കു പുറമേ യുവജനസംഘടനയായ എഐവൈഎഫും സെസിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്ത് സെസ് അനുവദിക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ സെസ് നിയമത്തിലെ വ്യവസ്ഥകള്‍ തൊഴിലാളി വിരുദ്ധവും വ്യവസായ കുത്തകകള്‍ക്ക് അനുകൂലവുമാണെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി പി.എസ് സുപാല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
എന്നാല്‍ സെസിനെ കണ്ണടച്ച് എതിര്‍ക്കുന്നത് കയ്യടിനേടാനാണെന്നാണ് സിപിഎ യുവജനസംഘടനയായ ഡിവൈഎഫ്‌ഐ പറയുന്നത്. സെസ് വേണ്ടെന്ന് തീരുമാനിച്ചാല്‍ കേരളം പിന്തള്ളപ്പെടും. കേന്ദ്ര സെസ് നിയമത്തില്‍ അതൃപ്‌തിയുണ്ടെങ്കിലും ഉപാധികള്‍ക്ക് വിധേയമായി സെസ് നടപ്പാക്കണം സെസിനെ കണ്ണടച്ചെതിര്‍ത്താല്‍ തൊഴിലവസരങ്ങള്‍ കുറയുമെന്നും ഭൂമി ഏറ്റെടുക്കുന്നതിലാണ് വിയോജിപ്പെന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടിവി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications