പ്രവാസികള്‍ക്ക് ഏകീകൃത വിവാഹരജിസ്‌ട്രേഷന്‍ വരുന്നു
ദില്ലി: വിദേശത്ത് ജോലിചെയ്യുന്ന പുരുഷന്മാര്‍ നാട്ടിലുള്ള ഭാര്യമാരെ ഒഴിവാക്കുന്നത് തടയാന്‍ ഏകീകൃത വിവാഹരജിസ്‌ട്രേഷന്‍ സമ്പ്രദായം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
വിദേശത്തിരുന്നുകൊണ്ട് ഭാര്യമാരെ ഉപേക്ഷിക്കുന്ന ഭര്‍ത്താക്കന്മാരെ പെട്ടെന്ന് കണ്ടെത്താനും നിയമനടപടി സ്വീകരിക്കാനും ഇതുമൂലം കഴിയുമെന്ന് പ്രവാസികാര്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രവാസികാര്യ മന്ത്രാലയത്തിന് പുറമെ നിയമ നീതിന്യായം, വിദേശകാര്യം എന്നീ മന്ത്രാലയങ്ങളുടെയും ദേശീയ വനിതാകമ്മീഷന്റെയും പ്രതിനിധികളാണ് ഇതിന് രൂപം നല്‍കിയത്. വിദേശ ഇന്ത്യക്കാര്‍ ഒഴിവാക്കിയ 25,000ല്‍ അധികം സ്‌ത്രീകള്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്.
വിദേശത്ത് ജോലി ചെയ്യുന്നവരുടെ ഭാര്യമാര്‍ക്ക് നിയമസഹായം നല്‍കുന്നതിനുള്ള പദ്ധതി ഒരു വര്‍ഷം മുമ്പാണ് പ്രവാസികാര്യമന്ത്രാലയം നടപ്പാക്കിയത്. ഈ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒട്ടേറെ പരാതികളാണ് മന്ത്രാലയത്തിന് ലഭിച്ചത്. ഇതിലേറെയും ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ച ഭാര്യമാരുടെ പരാതികളായിരുന്നു.
എന്നാല്‍ ഇവരില്‍ പലര്‍ക്കും ഭര്‍ത്താക്കന്മാരെക്കുറിച്ച് പൂര്‍ണ്ണ വിവരങ്ങളും മറ്റും നല്‍കാന്‍ കഴിയുന്നുണ്ടായിരുന്നില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഏകീകൃത വിവാഹരജിസ്‌ട്രേഷന്‍ സമ്പ്രദായം കൊണ്ടുവരുന്നത്.












Click it and Unblock the Notifications