വിവാഹം പൊളിക്കാന്‍ എച്ച്‌ഐവി നുണക്കഥ
ചെന്നൈ: എച്ച്‌ഐവി എന്നുകേള്‍ക്കുമ്പോള്‍ത്തന്നെ മിക്കവാറും എല്ലാവര്‍ക്കും ഭീതിയാണ്. എച്ചഐവി പോസിറ്റീവ് ആയ ആളുകള്‍ തന്നെ അക്കാര്യം ആരോടും വെളിപ്പെടുത്താന്‍ തയ്യാറാവാറുമില്ല. എന്നാല്‍ തമിഴ്‌നാട് സ്വദേശിയായ യുവാവ് എച്ച്‌ഐവി പോസിറ്റീവാണെന്ന വ്യാജസര്‍ട്ടിഫിക്കറ്റുണ്ടാക്കി കബളിപ്പിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായി.
ഇരുപത്തിയെട്ടുകാരനും സോഫ്‌റ്റ് വേര്‍ എന്‍ജീനയറുമായ സതീഷ് ആണ് താന്‍എച്ച്‌ഐവി പോസിറ്റീവാണെന്ന് കാണിക്കുന്ന വ്യാജരേഖയുണ്ടാക്കിയത്. തനിക്കുവേണ്ടി അച്ഛനമ്മമാര്‍ തീരുമാനിച്ച വിവാഹത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയായിരുന്നു സതീഷ് ഈ കുബുദ്ധി പ്രയോഗിച്ചത്. കാര്യമൊട്ടു നടന്നതുമില്ല ഇയാള്‍ അവസാനം പൊലീസിന്റെ പിടിയിലുമായി.
പഠിക്കുന്നകാലത്ത് സഹപാഠിയായ ഒരു പെണ്‍കുട്ടിയുമായി സതീഷിന് പ്രണയമുണ്ടായിരുന്നു. ഈ യുവതി ഇപ്പോള്‍ യുഎസിലാണ് ജോലിചെയ്യുന്നത്. തന്റെ പ്രണയബന്ധത്തിന്റെ കാര്യം സതീഷ് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഇതൊന്നുമറിയാതെ മാതാപിതാക്കള്‍ സതീഷിന് വേണ്ടി ഒരു പെണ്‍കുട്ടിയെ കണ്ട് വിവാഹമുറപ്പിച്ചു. സെപ്‌റ്റംബര്‍ ആദ്യവാരത്തില്‍ വിവാഹം നടത്താനായിരുന്നു തീരുമാനിക്കപ്പെട്ടത്.
വിവാഹനിശ്ചയം കഴിഞ്ഞശേഷം സതീഷിന്റെ മനസ്സില്‍ വീണ്ടും പഴയ പ്രണയം ഉയര്‍ന്നുവന്നു. പ്രണയിനിയെത്തന്നെ വിവാഹം കഴിയ്‌ക്കണമെന്ന് അയാള്‍ തീരുമാനിക്കുകയും ചെയ്‌തു. അതിനായി ഒരു ലബോറട്ടറിയുടെ എംബ്ലം വ്യാജമായി ചമച്ച് ഒരു രേഖയുണ്ടാക്കി. ഇതുമായി പ്രതിശ്രുത വധുവിന്റെ വീട്ടില്‍ച്ചെന്ന സതീഷ് കുട്ടിയുടെ മാതാപിതാക്കളോട് താനൊരു എയ്‌ഡ്‌സ് രോഗിയാണെന്ന് പറയുകയും തെളിവായി ഈ രേഖ കാണിക്കുകയും ചെയ്‌തു.
സതീഷ് പറഞ്ഞതില്‍ വിശ്വാസം വരാഞ്ഞ് പെണ്‍കുട്ടിയുടെ പിതാവ് റിപ്പോര്‍ട്ട് നല്‍കിയ ലബോറട്ടറില്‍ ഫോണ്‍ചെയ്‌ത് കാര്യം തിരക്കി. എന്നാല്‍ ഇത്തരത്തിലൊരു ടെസ്‌റ്റ് അവിടെ നടന്നിട്ടില്ലെന്നാണ് ലബോറട്ടറി അധികതൃതര്‍ പറഞ്ഞത്. റിപ്പോര്‍ട്ട് കണ്ടപ്പോള്‍ കടലാസിലുള്ള തങ്ങളുടെ എംബ്ലം വ്യാജമാണെന്നും അവര്‍ അറിയിച്ചു.
തുടര്‍ന്ന് ഇവര്‍ സതീഷിന്റെ കൂട്ടുകാരോട് കാര്യം അന്വേഷിച്ചു അപ്പോഴാണ് ഇയാളുടെ പഴയ പ്രണയത്തിന്റെ കഥ ചുരുളഴിഞ്ഞത്. തുടര്‍ന്ന് വഞ്ചനയാണെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് സതീഷിനെതിരെ പൊലീസില്‍ പരാതി നല്‍കി.
ഈ സമയത്ത് താന്‍ വിവാഹത്തിന് തയ്യാറാണെന്ന് കാണിച്ച് സതീഷ് വീണ്ടും മുന്നോട്ടുവന്നെങ്കിലും പെണ്‍കുട്ടി അത് നിരസിക്കുകയായിരുന്നു. പിന്നീട് സ്‌ത്രീ പീഡനക്കുറ്റവും വഞ്ചനക്കുറ്റവും ചുമത്തി സതീഷിനെ പൊലീസ് അറസ്റ്റുചെയ്‌തു.












Click it and Unblock the Notifications