തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് സുസജ്ജമാകണമെന്ന് ആന്റണി
തിരുവനന്തപുരം: കേന്ദ്രപദ്ധതികളുടെ ബലത്തില്‍മാത്രം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്നും അതിന് കേരളത്തിലെ പാര്‍ട്ടി സര്‍വ്വസജ്ജമാകേണ്ടതുണ്ടെന്നും എ.കെ ആന്റണി.
ഞായറാഴ്‌ച ഇന്ദിരാഭവനില്‍ ചേര്‍ന്ന കെപിസിസി നിര്‍വ്വാഹക സമിതിയോഗത്തില്‍ സംസാരിക്കവേയാണ് തിരഞ്ഞെടുപ്പിന് തയ്യാറാവുന്നതിനെക്കുറിച്ച് ആന്റണി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
നമ്മള്‍ക്ക് ഇഷ്ടപ്പെടുന്നവരെ നോക്കിയല്ല സ്ഥാനാര്‍ത്ഥികളാക്കേണ്ടത്. ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇഷ്ടപ്പെടുന്നവരായിരിക്കണം അവര്‍. കോണ്‍ഗ്രസില്‍ കുറ്റിച്ചൂലുകളുടെ കാലം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ആര്‍ക്കും ഉറപ്പൊന്നും കൊടുക്കരുത്. ഇനിയൊരു തോല്‍വി കോണ്‍ഗ്രസിന് താങ്ങാനാവില്ല. ഇതൊരു വെല്ലുവിളിയായി കാണണം- അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായേക്കാവുന്ന ഘടകങ്ങള്‍ ആന്റണി എടുത്തു പറഞ്ഞു. റയില്‍വേ മേഖലയുടെ കാര്യത്തിലൊഴിച്ച് കേരളത്തിന്റെ അവശേഷിക്കുന്ന മിക്ക ആവശ്യങ്ങളുടെ കാര്യത്തിലും കേന്ദ്രം അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചതെന്ന് ആന്റണി ചൂണ്ടിക്കാട്ടി.
ഇതിന് മുമ്പുള്ള ഒരു സര്‍ക്കാറും ഇത്രയേറെ സഹായം കേരളത്തിന് ചെയ്‌തിട്ടില്ല. എന്നാല്‍ ഈ പദ്ധതികളുടെ പേരില്‍മാത്രം യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ജനം വോട്ടുചെയ്യുമെന്ന് കരുതരുത്. പാര്‍ട്ടിയെ എല്ലാതരത്തിലും തിരഞ്ഞെടുപ്പിന് സജ്ജമാക്കണം. ഒറ്റക്കെട്ടായി സുശക്തമായി മുന്നോട്ടുപോകാനുള്ള നടപടി സ്വീകരിക്കണം- അദ്ദേഹം പറഞ്ഞു.
തനിയ്‌ക്കെതിരെ നടക്കുന്ന ദുഷ് പ്രചാരണങ്ങളെക്കുറിച്ച് യോഗത്തില്‍ പരാതിപറഞ്ഞ യുത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ടി സിദ്ദീഖ് ഒരുവേള പൊട്ടിക്കരയുകവരെ ചെയ്‌തു. തനിക്ക് തീവ്രവാദിബന്ധമുണ്ടെന്നാണ് പലരും പറഞ്ഞുനടക്കുന്നതെന്നും തന്റെ മതേതരത്വത്തില്‍ വെള്ളം ചേര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും സിദ്ദിഖ് പറഞ്ഞു.
കരുണാകരനൊപ്പം വന്ന നേതാക്കളില്‍ പലര്‍ക്കും പാര്‍ട്ടിയില്‍ പ്രാതിനിധ്യം ലഭിച്ചുവെങ്കിലും അണികളില്‍ ഭൂരിഭാഗവും ഇപ്പോഴും വെളിയിലാണെന്ന് ടിവി ചന്ദ്രമോഹന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എത്രയും പെട്ടന്ന് പരിഹാരം കാണുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മറുപടി നല്‍കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications