പ്രജാപതിയാകാന്‍ 'പ്രജാരാജ്യ'വുമായി ചിരഞ്‌ജീവി
തിരുപ്പതി: ആവിലാല ടാങ്ക് മൈതാനത്ത് തടിച്ചു കൂടിയ ലക്ഷങ്ങളെ സാക്ഷി നിര്‍ത്തി ടോളിവുഡ് സൂപ്പര്‍താരം ചിരഞ്‌ജീവി ചൊവ്വാഴ്‌ച തന്റെ പാര്‍ട്ടി പ്രഖ്യാപിച്ചു. പ്രജാരാജ്യമെന്നാണ് പാര്‍ട്ടിയുടെ പേര്.
അടുത്തു വരുന്ന തിരഞ്ഞെടുപ്പില്‍ ആന്ധ്രാ രാഷ്ട്രീയത്തില്‍ വന്‍ വഴിത്തിരിവുകള്‍ ഉണ്ടാകുമെന്ന് സൂചന നല്‌കി കൊണ്ടാണ് ചിരഞ്‌ജീവി രാഷ്ട്രീയത്തിലേക്ക് ആദ്യ ചുവട് വെയ്‌പ് നടത്തിയിരിക്കുന്നത്.
പച്ചയും വെള്ളയും നിറങ്ങള്‍ക്ക് നടുവില്‍ 24 കിരണങ്ങളുള്ള ചുവന്ന സൂര്യ ബിംബം ആലേഖനം ചെയ്‌തതാണ് പാര്‍ട്ടി പതാക.ദരിദ്രരുടെ ഉന്നമനവും പുരോഗതിയുമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് ചിരഞ്‌ജീവി പ്രഖ്യാപിച്ചു.
ഒരു തട്ടുപൊളിപ്പന്‍ തെലുങ്ക് ചിത്രത്തിന്റെ പ്രഥമ പ്രദര്‍ശനം പോലെയായിരുന്നു ചിരുവിന്റെ പാര്‍ട്ടി പ്രഖ്യാപനവും. സിനിമാ സ്റ്റൈലില്‍ ഒരുക്കിയ കൂറ്റന്‍ വേദിയില്‍ നിന്ന് ചിരഞ്‌ജീവി നടത്തിയ പ്രസംഗം തികച്ചും വണ്‍മാന്‍ ഷോ തന്നെയായിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ സൂപ്പര്‍താരമല്ലാതെ മറ്റാരും വേദിയിലുണ്ടായിരുന്നില്ല.
ചൊവ്വാഴ്‌ച രാവിലെ തന്നെ നൂറുക്കണക്കിന് ബസുകളിലും 18 പ്രത്യേക തീവണ്ടികളിലുമൊക്കെയായി ജനങ്ങള്‍ തിരുപ്പതിയിലെ ആവിലാല മൈതാനത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു. സൂപ്പര്‍താരം വൈകിട്ട് അഞ്ചരയോടെ വേദിയിലെത്തിയതോടെ ആരാധകലക്ഷങ്ങളുടെ ആവേശം അണപൊട്ടി.
പലയിടത്തും ബാരിക്കേഡുകളും തടസ്സങ്ങളും മറികടന്ന ജനങ്ങള്‍ വേദിയിലേക്ക് കുതിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തി വീശി തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും ഒരു സ്‌ത്രീ മരിയ്‌ക്കുകയും 35 പേര്‍ക്ക് പരിക്കേല്‌ക്കുകയും ചെയ്‌തു.
തെലുങ്ക് രാഷ്ട്രീയത്തില്‍ ചിരഞ്‌ജീവിയുടെ വില്ലന്‍മാരായ തെലുങ്ക് ദേശത്തിനും കോണ്‍ഗ്രസിനും തലവേദന സൃഷ്ടിയ്‌ക്കുന്നതായിരുന്നു ചൊവ്വാഴ്‌ച സൂപ്പര്‍താരത്തിന്റെ പ്രകടനം.
ആനന്ദ ആന്ധ്രാപ്രദേശ് സ്ഥാപിയ്‌ക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച ചിരഞ്‌ജീവി പ്രജാരാജ്യം കര്‍ഷകര്‍ക്കും മധ്യവര്‍ഗത്തിനും സ്‌ത്രീകള്‍ക്കും നെയ്‌ത്തുകാര്‍ക്കും ക്ഷേമവും ഐശ്വര്യവും കൊണ്ടു വരുമെന്ന് പറഞ്ഞു. ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭൂമി വിറ്റഴിക്കലിനെ അദ്ദേഹം വിമര്‍ശിച്ചു.
തെലുങ്ക് സിനിമയില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി എന്‍ടി രാമറാവുവിന് ശേഷം രാഷ്ട്രീയത്തില്‍ പ്രവേശിയ്‌ക്കുന്ന രണ്ടാമത്തെയാളാണ് ചിരഞ്‌ജീവി. 1983ല്‍ തെലുങ്ക് ദേശം രൂപീകരിച്ച രാമറാവു വെറും ഒമ്പത് മാസത്തിനുള്ളില്‍ അധികാരം പിടിച്ചടക്കിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications