ഫാരിസ് വെറുക്കപ്പെടേണ്ടവന്‍ തന്നെ: വിഎസ്
തിരുവനന്തപുരം: ഫാരീസ് അബൂബക്കര്‍ വെറുക്കപ്പേടേണ്ടവനാണെന്ന തന്റെ മുന്‍ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.
ഫാരിസ് സിംഗപ്പൂരില്‍ വൃക്ക തട്ടിപ്പ് കേസില്‍ പ്രതിയാണെന്നതിനാല്‍ ഇയാള്‍ വെറുക്കപ്പെടേണ്ടവന്‍ എന്ന് തന്നെയാണ് തന്റെ അഭിപ്രായം .ഇത് മാറ്റാന്‍ തക്കത്തിലുള്ള പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിയ്‌ക്കവെ പാര്‍ട്ടി റിപ്പോര്‍ട്ടിലെ കാര്യങ്ങളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഫാരിസ് വെറുക്കപ്പെട്ടവനാണെന്ന വിഎസിന്റെ പരാമര്‍ശത്തിനെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നു തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ തന്റെ നിലപാടുകളില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നാണ് വിഎസിന്റെ പുതിയ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്.
അതെ സമയം പാര്‍ട്ടി കമ്മിറ്റികള്‍ വിശദമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം തയാറാക്കിയ റിപ്പോര്‍ട്ടുകള്‍ വളച്ചൊടിച്ച ശേഷം തന്നോടതിനെക്കുറിച്ച് വിശദീകരണം തേടേണ്ടെന്നും വിഎസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സിപിഎം പിന്തുണയോടെ ആരംഭിച്ച വിസ്‌മയ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ജലചൂഷണം നടക്കുന്നുണ്ടോയെന്ന കാര്യം പഠിച്ചതിന് ശേഷം പറയാമെന്ന് വിഎസ് വ്യക്തമാക്കി.
വിസ്‌മയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ഉത്‌ഘാടന വേളയില്‍ പാര്‍ക്കില്‍ ജലചൂഷണം നടക്കുന്നില്ലെന്നും ഇത് ചൂണ്ടിക്കാട്ടി ബഹളമുണ്ടാക്കിയവര്‍ മാപ്പു പറയണമെന്നും പിണറായി വിജയന്‍ പ്രസ്താവിച്ചിരുന്നു.












Click it and Unblock the Notifications