ഓടുന്ന ബസില്‍ 45കാരിയ്‌ക്ക് സുഖപ്രസവം
കൊയിലാണ്ടി(കോഴിക്കോട്): ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നാല്‍പത്തിയഞ്ചുകാരിയ്‌ക്ക് സുഖപ്രസവം. പയ്യന്നൂരില്‍ താമസിക്കുന്ന ലക്ഷ്‌മിയാണ് ബുധനാഴ്‌ച വൈകീട്ട് കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പ്രസവിച്ചത്.
കോഴിക്കോട്ടുനിന്നും കണ്ണൂരിലേയ്‌ക്ക് പോവുകയായിരുന്ന സ്വാതി എന്ന സ്വകാര്യ ബസിലാണ് പ്രസവം നടന്നത്. തമിഴ്‌നാട് സ്വദേശിയായ ലക്ഷ്‌മി ഏറെക്കാലമായി പയ്യന്നൂരിലാണ് താമസിക്കുന്നത്. നാട്ടില്‍നിന്നും വരുന്നവഴി കൊയിലാണ്ടിയിലെത്തിയപ്പോള്‍ പ്രസവവേദന കലശലാവുകയായിരുന്നു.
ഉടന്‍തന്നെ ബസ് സ്റ്റാന്റില്‍ കയറ്റാതെ ലക്ഷ്‌മിയെയും കൊണ്ട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്‌ക്ക് തിരിച്ചു. എന്നാല്‍ ആശുപത്രിയിലെത്തുംമുമ്പേ ലക്ഷ്‌മി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പിന്നീട് ബസ് ജീവനക്കാര്‍തന്നെ ആശുപത്രിയില്‍ നിന്നും സ്‌ട്രച്ചര്‍ കൊണ്ടുവന്ന് ലക്ഷ്‌മിയെയും കുഞ്ഞിനെയും വാര്‍ഡിയേക്ക് മാറ്റി.
ബസിലെ മറ്റ് യാത്രക്കാരും കൊയിലാണ്ടിയിലെ ടാക്‌സി ഡ്രൈവര്‍മാരും സഹായത്തിനെത്തിയിരുന്നു. പരിശോധനയ്‌ക്ക് ശേഷം ലക്ഷ്‌മിയെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേയ്‌ക്ക് മാറ്റി. ശ്വാസതടസം നേരിട്ടതിനെത്തുടര്‍ന്നാണ് ഇവരെ കോഴിക്കോട്ടേയ്‌ക്ക് മാറ്റിയതെന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രി അധികൃതര്‍ അറിയിച്ചു.
യാത്രയില്‍ ലക്ഷ്‌മിക്കൊപ്പം പതിനഞ്ചുവയസ്സുള്ള മകളുമുണ്ടായിരുന്നു. സുബ്രഹ്മണ്യനാണ് ലക്ഷ്‌മിയുടെ ഭര്‍ത്താവ്.












Click it and Unblock the Notifications