വിഎസിനെ കോടിയേരി തളളിപ്പറഞ്ഞു
ദില്ലി : ഫാരിസ് അബൂബേക്കര്‍ വൃക്ക തട്ടിപ്പു കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മുഖ്യമന്ത്രിയുടെ നിലപാടിന് കടകവിരുദ്ധമായി കോടിയേരി ഇക്കാര്യം പറഞ്ഞത്.
വൃക്ക തട്ടിപ്പുകേസില്‍ പ്രതിയായ ഫാരിസ് അബൂബേക്കര്‍ വെറുക്കപ്പെട്ടവന്‍ തന്നെയാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. വ്യക്തമായ തെളിവുകളില്ലാതെ പരസ്യമായി ഫാരിസിനെതിരെ മുമ്പ് നടത്തിയ വെറുക്കപ്പെട്ടവന്‍ പ്രയോഗം സിപിഎം തളളിയതിന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
സിംഗപ്പൂരിനെ നാഷണല്‍ കിഡ്നി ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന് സോഫ്റ്റ്വെയര്‍ നിര്‍മ്മിച്ച് നല്‍കാനുളള കരാര്‍ ഫാരിസ് അബൂബേക്കറിന്റെ ഫോര്‍ട്ടി സിസ്റ്റം, പ്രോട്ടോണ്‍ വെബ് എന്നീ സ്ഥാപനങ്ങള്‍ ലംഘിച്ചുവെന്നാണ് കേസ്. ഇതിനെയാണ് ഫാരിസ് വൃക്ക തട്ടിപ്പു കേസില്‍ പെട്ടുവെന്ന് ധ്വനിപ്പിക്കുന്ന തരത്തില്‍ വി എസ് അച്യുതാനന്ദന്‍ ഇടയ്ക്കിടെ പരാമര്‍ശിക്കുന്നത്.
സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ സാന്നിദ്ധ്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും കമ്മിറ്റിയും ചര്‍ച്ച ചെയ്ത് അംഗീകരിച്ച നിലപാടുകള്‍ക്കെതിരെ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ തുടര്‍ച്ചയായി പ്രതികരിച്ചത് നേതൃത്വത്തിന് അലോസരമുണ്ടാക്കിയിരുന്നു.
പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ തന്നെ മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധമായ പ്രസ്താവന പുറപ്പെടുവിച്ചത്, ഈ വിഷയം പാര്‍ട്ടി ലളിതമായി കാണുന്നില്ല എന്നതിന് തെളിവാണ്












Click it and Unblock the Notifications