വനിതാ പൊലീസിന്റെ ഫോട്ടോയെടുത്ത ഫോട്ടോഗ്രാഫര്‍ കുടുങ്ങി
കല്ലമ്പലം: ഡ്യൂട്ടിസമയത്തിനിടെ മാവേലി സ്റ്റോറില്‍ സാധനങ്ങള്‍ വാങ്ങാന്‍ ക്യൂ നിന്ന വനിതാ പൊലീസുകാരുടെ പടമെടുത്ത ഫോട്ടോഗ്രാഫര്‍ കുടുങ്ങി.
കല്ലമ്പലത്തുള്ള മാവേലി സ്റ്റോറിന് മുമ്പിലാണ് കൗതുകമുണര്‍ത്തുന്ന സംഭവം നടന്നത്. ബുധനാഴ്‌ച വൈകുന്നേരം അഞ്ചുമണിയോടെ ഗതാഗത നിയന്ത്രണത്തിലേര്‍പ്പെട്ടിരുന്ന രണ്ടു വനിതാ പൊലീസുകാരാണ് മാവേലി സ്റ്റോറില്‍ സാധനങ്ങള്‍ വാങ്ങാന്‍ ക്യൂ നിന്നത്.
സ്‌റ്റോറിലെ തിരക്കല്‍പം കുറഞ്ഞു കണ്ടപ്പോഴാണ് ഇവര്‍ ഡ്യൂട്ടിയുപേക്ഷിച്ച് ക്യൂവില്‍ സ്ഥാനം പിടിച്ചത്. മാവേലി സ്റ്റോറില്‍ വിലകുറഞ്ഞുകിട്ടുന്ന മുളകും മല്ലിയും വാങ്ങുകയായിരുന്നുവത്രേ ഇവരുടെ ലക്ഷ്യം.
വനിതാ പൊലീസുകാര്‍ ക്യൂനില്‍ക്കുന്നത് കണ്ട് കൗതുകം തോന്നിയ ഒരു സ്‌റ്റുഡിയോ ഫോട്ടോഗ്രാഫര്‍ സംഭവം തന്റെ ക്യാമറയിലാക്കി. ഉടന്‍തന്നെ പൊലീസുകാരികളില്‍ ഒരാള്‍ സ്റ്റേഷനില്‍ വിളിക്കുകയും ഫോട്ടോഗ്രാഫറെ കസ്റ്റഡിയിലെടുപ്പിക്കുകയും ചെയ്‌തു.
ചോദ്യം ചെയ്‌തപ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഫോട്ടോയെടുത്തതെന്നാണത്രേ ഇയാള്‍ പറഞ്ഞത്. എന്തായാലും രാത്രി മുഴുവന്‍ ഇയാള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ത്തന്നെ കഴിയേണ്ടിവന്നു.












Click it and Unblock the Notifications