രാജ്യത്തെ ജയിലുകള്‍ നിറഞ്ഞു കവിയുന്നു
ദില്ലി: രാജ്യത്തെ ജയിലുകളില്‍ തടവുകാരുടെ എണ്ണം പെരുകുന്നു. സര്‍ക്കാറിന്റെ ഏറ്റവും പുതിയ രേഖയനുസരിച്ച് 1.10 ലക്ഷം പേരാണ് കുറ്റവാളികളും വിചാരണത്തടവുകാരുമായി രാജ്യത്തെ വിവിധ ജയിലുകളില്‍ അധികമുള്ളത്.
ദില്ലിയിലെ ജയിലുകളിലാണ് തടവുകാര്‍ നിശ്ചിത എണ്ണത്തിലും കവിഞ്ഞിരിക്കുന്നത്. ജയിലുകളുടെ ശേഷിയേക്കാള്‍ 214.4 ശതമാനം അധികമാണ് തടവുകാരുടെ എണ്ണം. രാജ്യത്ത് ആകെ 1336 ജയിലുകളാണുള്ളത്. ഇവയില്‍ ഉള്‍ക്കൊള്ളാവുന്ന തടവുകാരുടെ എണ്ണം 263911 ആണ്.
എന്നാല്‍ 373271 തടവുകാര്‍ ഇപ്പോള്‍ ഉണ്ട്. ഇതില്‍ 3.58ലക്ഷവും പുരുഷന്മാരാണ്. ആകെ തടവുകാരുടെ 96.1ശതമാനം വരുമിത്. നാഷണല്‍ ക്രൈം റക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് തടവുകാരുടെ എണ്ണം 2005ലേതിനേക്കാള്‍ കുറവായിരുന്നു 2006ല്‍ .
6250 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ദില്ലിയിലെ ജയിലുകളില്‍ 13400 പേരാണ് ഇപ്പോഴുള്ളത്. നിശ്ചിത എണ്ണത്തില്‍ കവിഞ്ഞും തടവുകാരെ പാര്‍പ്പിക്കുന്നതില്‍ ഗുജറാത്ത്, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍. 5700 പേര്‍ക്ക് കഴിയാവുന്ന ഗുജറാത്ത് ജയിലുകളില്‍ 11793പേരും 5299 പേര്‍ക്ക് കഴിയാവുന്ന ഛത്തീസ്‌ഗഡ് ജയിലുകളില്‍ 10359 പേരുമാണുള്ളത്.
56 പേരെ പാര്‍പ്പിക്കാന്‍ കഴിയുന്ന ലക്ഷദ്വീപ് ജയിലുകളില്‍ 2006ല്‍ തടവുകാരൊന്നും എത്തിയിട്ടില്ല. തടവുകാരുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശിലെ ജയിലുകളാണ് മുന്നില്‍ ഇവിടെ ആകെ 66,669 തടവുകാരുണ്ടെന്നാണ് കണക്ക്. തൊട്ടുപിന്നില്‍ ബീഹാറാണ്. ബീഹാറില്‍ മൊത്തം 44, 281 തടവുകാരുണ്ട്.












Click it and Unblock the Notifications