ജ്യോതി ബസു കുളിമുറിയില്‍ തെന്നി വീണു
കൊല്‍ക്കത്ത ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജ്യോതി ബസുവിന് കുളിമുറിയില്‍ വീണ് തലയ്‌ക്ക് ക്ഷതമേറ്റു.
സാള്‍ട്ട് ലേക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ തലയിലും നെറ്റിയിലും ഒരു തുന്നലുണ്ട്. തലയ്‌ക്കേറ്റ ക്ഷതത്തിന്റെ ആഘാതമറിയാനായി സിടി സ്‌കാനും എക്‌സറേയും എടുത്തിട്ടുണ്ട്. പിന്നീട് ഇദ്ദേഹത്തെ സ്വവസതിയിലേയ്‌ക്ക് തന്നെ തിരിച്ചുകൊണ്ടുവരുകയായിരുന്നു.
വെള്ളിയാഴ്‌ച രാത്രി സ്വവസതിയിലെ കുളിമുറിയിലാണ് തൊണ്ണൂറ്റി നാലുകാരനായ ബസു തെന്നിവീണത്. നിസാര പരുക്കാണെന്ന് ആദ്യം കരുതിയതിനാല്‍ ശനിയാഴ്‌ച മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സ്‌കാനിംഗില്‍ തലയ്‌ക്ക് ക്ഷതമേറ്റ ഭാഗത്ത് രക്തം കട്ടപിടിച്ചിരിക്കുന്നതിനാല്‍ ബസുവിനെ കുറേക്കൂടി മെച്ചപ്പെട്ട ചികിത്സ ആവശ്യമാണെന്നും അതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ ഞായറാഴ്‌ചതന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചേയ്‌ക്കും.
അപകടവിവരമറിഞ്ഞതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ വീട്ടിലെത്തി ബസുവിനെ കണ്ടു. നിസാര പരുക്കുമാത്രമേയുള്ളുവെന്നും ആശങ്കപ്പെടേണ്ടകാര്യമില്ലെന്നും ബസുവിന്റെ സഹായി ജെ ഘോഷ് പറഞ്ഞു.












Click it and Unblock the Notifications