പിഎന് മേനോന് അന്തരിച്ചു
കൊച്ചി: പ്രശസ്‌ത ചലച്ചിത്ര സംവിധായകന്‍ പി.എന്‍ മേനോന്‍ (82) അന്തരിച്ചു. ചൊവ്വാഴ്‌ച വൈകിട്ട് മൂന്നരയോടെ എറണാകുളത്തെ ലക്ഷ്‌മി ആശുപത്രിയിലായിരുന്നു അന്ത്യം.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. ഭാരതി മേനോനാണ് ഭാര്യ. രണ്ട് മക്കളുണ്ട്. സംസ്‌ക്കാരം പിന്നീട്. ഓര്‍മ നഷ്ടപ്പെട്ട് ആരെയും തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ പനമ്പിള്ളി നഗറില്‍ മകള്‍ ജയശ്രീയ്‌ക്കൊപ്പമായിരുന്നു താമസം.
സ്‌റ്റുഡിയോകളിലെ അകത്തളങ്ങളില്‍ കുടുങ്ങിക്കടന്നിരുന്ന മലയാള സിനിമയെ ആദ്യമായി പുറം ലോകത്തെത്തിച്ച ഓളവും തീരവുമായിരുന്നു(1969) അദ്ദേഹത്തിന്റെ ആദ്യ ചിത്രം.
അതു വരെ ഫിലിം സ്റ്റുഡിയോകള്‍ക്കുള്ളിലെ വിരസമായ ലോകം മാത്രം കണ്ടു കൊണ്ടിരുന്ന മലയാളി പ്രേക്ഷകന് ഒരു നവ്യാനുഭവമായിരുന്നു ആ ചിത്രം. മലയാള ചലച്ചിത്ര ലോകത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച ചിത്രം കൂടിയായി അത് മാറി.
1971ല്‍ പുറത്തിറങ്ങിയ കുട്ട്യേടത്തി, മാപ്പു സാക്ഷി(1971), മലമുകളിലെ ദൈവം (1983) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിയ്‌ക്കപ്പെട്ട ചിത്രങ്ങള്‍. അസ്‌ത്രം, ഗായത്രി, റോസി, ചെമ്പരത്തി എന്നിവയടക്കം ഇരുപത്തിമൂന്നോളം ചിത്രങ്ങള്‍ പി.എന്‍ മേനോന്‍ സംവിധാനം ചെയ്‌തിട്ടുണ്ട്.
നേരത്തെ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്‌തിരുന്ന ശ്രീ അയ്യപ്പന്‍ എന്ന പരമ്പരയുടെയും സംവിധാനം പി.എന്‍ മേനോനായിരുന്നു.
ഇന്നത്തെ ഒട്ടുമിക്ക പ്രമുഖ സംവിധായകരുടെയും ഛായാഗ്രാഹകരുടെയും ഗുരുസ്ഥാനീയന്‍ കൂടിയാണ് പി.എന്‍ മേനോന്‍. തൃശൂര്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്നും ചിത്രകല അഭ്യസിച്ച മേനോന്‍ ചലച്ചിത്രത്തില്‍ കമ്പം കയറുകയും അതിനെക്കുറിച്ച് കൂടുതല്‍ പഠിയ്‌ക്കാനുമായി മദ്രാസിലേക്ക് കുടിയേറുകയായിരുന്നു. 2004ല്‍ പുറത്തിറങ്ങിയ നേര്‍ക്ക് നേരെയാണ് അദ്ദേഹം ഒടുവില്‍ സംവിധാനം ചെയ്‌ത സിനിമ.












Click it and Unblock the Notifications