ശബരിയുമായി തന്റെ മകന് ബന്ധമുള്ളകാര്യം അറിയില്ലെന്ന് ശ്രീമതി
തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസിലെ പ്രതി ശബരീനാഥുമായി തന്റെ മകന് ബന്ധമുണ്ടെന്ന ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി വ്യക്തമാക്കി.
തിരുവനന്തപുരത്ത് വനിതാവേദി പ്രവര്‍ത്തകര്‍ നടത്തിയ ഓണാഘോഷ പരിപാടികള്‍ ഉത്‌ഘാടനം ചെയ്‌ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ശബരീനാഥുമായി ശ്രീമതിയുടെ മകന് ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നു.
ഇതിനിടെ ശബരി കാമുകിയ്‌ക്കു സമ്മാനിച്ച ബിഎംഡബ്ല്യൂ ആഡംബരക്കാര്‍ ക്രൈംബ്രാഞ്ച് തിങ്കളാഴ്‌ച കസ്റ്റഡിയിലെടുത്തു. കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റ് വളപ്പില്‍നിന്നാണ് 40ലക്ഷം രൂപവിലയുള്ള കാര്‍ പിടിച്ചെടുത്തത്. ശബരിയുടെ 19 കാറുകളില്‍ 16എണ്ണം മാത്രമേ ഇതേവരെ ക്രൈംബ്രാഞ്ചിന് പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുള്ളു.
ശബരിനാഥിനെ ക്രൈംബ്രാഞ്ച് തിങ്കളാഴ്‌ചയും ചോദ്യം ചെയ്‌തിട്ടുണ്ട്. പല ഉന്നതരുമായി ബന്ധമുള്ള ശബരി ആര്‍ക്കെല്ലാം വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നുള്ള വിവരം കഴിഞ്ഞ ദിവസം നടത്തിയ റെയിഡില്‍ കണ്ടെടുത്ത ഡയറിയിലുണ്ടെന്നാണ് സൂചന.
ശബരിയുടെ രാഷ്ട്രീയബന്ധത്തെക്കുറിച്ചുള്ള അന്വേഷണം ഗുണ്ടാസംഘങ്ങളിലെയും വ്യാപിപ്പിച്ചിട്ടുണ്ട്. മന്ത്രിമാരും മന്ത്രിപുത്രന്മാരും ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം വെളിവായതോടെയാണിത്.
രാഷ്ട്രീയബന്ധം ഉപയോഗിച്ച് ലോക്കല്‍ പൊലീസിന്റെ അന്വേഷണം അട്ടിമറിയ്‌ക്കാന്‍ ശബരി ശ്രമിച്ചിരുന്നു. ശബരിനാഥുമായി അടുത്ത ബന്ധമുള്ള കായംകുളം സ്വദേശിയെ അന്വേഷണത്തില്‍ നിന്നും ഒഴിവാക്കിയതായി ആരോപണമുയര്‍ന്നിരുന്നു. ശബരിയുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന കാര്‍ കായംകുളം സ്വദേശിയാണ് ഉപയോഗിച്ചിരുന്നത്. ശബരിയുടെ റിസോര്‍ട്ടിലും മറ്റും ഇയാള്‍ നിത്യസന്ദര്‍ശകനായിരുന്നു .
. കായംകുളത്തുവച്ച് ഇയാളുമായി സംസാരിച്ച് തെറ്റിയെന്നും തുടര്‍ന്നാണ് ക്വട്ടേഷന്‍ സംഘം തന്നെ തട്ടിക്കൊണ്ടുപോയതെന്നും ശബരി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും ഇയാളെക്കുറിച്ച് അന്വേഷണമൊന്നും നടന്നിട്ടില്ല. ഉന്നതബന്ധം മൂലമാണിതെന്നാണ് സൂചന.
കൊടങ്ങാവിളയിലെ വീട്ടിലും മലയിന്‍കീഴിലെ റിസോര്‍ട്ടിലും തിങ്കളാഴ്‌ച ശബരിയെകൊണ്ടുപോയി തെളിവെടുത്തിട്ടുണ്ട്. ടോട്ടല്‍ ഫോര്‍ യുവിലെ ആറ് ജീവനക്കാരെ ക്രൈംബ്രാഞ്ച് ഇതേവരെ ചോദ്യം ചെയ്‌തു. പലരും ഇപ്പോള്‍ ഒളിവിലാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications