Get Updates
Get notified of breaking news, exclusive insights, and must-see stories!

സെസ് പ്രശ്നത്തിലും വിഎസ് തോറ്റു..

തിരുവനന്തപുരം : മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ തടഞ്ഞുവെച്ച 10 സെസ് അപേക്ഷകളും കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ അനുമതിക്കായി അയയ്ക്കാന്‍ ഇടതുമുന്നണി തീരുമാനം.

സ്വകാര്യകമ്പനികള്‍ക്ക് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കില്ലെന്ന് ഇടതുമുന്നണിയില്‍ തീരുമാനമായി. ഭൂമിയുടെ 70 ശതമാനം വ്യവസായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നതു കൂടാതെ 12 വ്യവസ്ഥകള്‍ക്കൂടി എല്‍.ഡി.എഫ്.യോഗം മുന്നോട്ടുവച്ചിടുണ്ട്. പ്രത്യേക സെസ് നിയമം പെട്ടെന്ന് കൊണ്ടുവരുന്നത് പ്രായോഗികമല്ലാത്തതിനാല്‍ പ്രത്യേക നയം രൂപീകരിക്കാനും ഇടതുമുന്നണി തീരുമാനിച്ചു . അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം എടുക്കും.

സെസ് അപേക്ഷകരെല്ലാം റിയല്‍ എസ്റ്റേറ്റ് മാഫിയയാണെന്ന് ആരോപിച്ചാണ് സിപിഎമ്മിന്റെ നിര്‍ദ്ദേശം ലംഘിച്ച് മുഖ്യമന്ത്രി അപേക്ഷകള്‍ തടഞ്ഞു വെച്ചിരുന്നത്. നൂറു മുതല്‍ ആയിരം ഏക്കര്‍ വരെ ഭൂമി കൈമാറാനുളളതാണ് സെസ് അപേക്ഷകള്‍ എന്നായിരുന്നു തടഞ്ഞു വെയ്ക്കലിന് കാരണമായി ആദ്യം പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഇരുപത്തി അഞ്ച് ഏക്കര്‍ പരിധിയിലുളള അപേക്ഷകളാണെന്ന് പിന്നീട് വെളിപ്പെട്ടിരുന്നു.

സംസ്ഥാനത്ത് പ്രത്യേക സെസ് നിയമം പാസാക്കാതെ സെസ് അപേക്ഷകള്‍ അയയ്ക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം സിപിഐ തീരുമാനിച്ചിരുന്നു. സിപിഐയുടെ തീരുമാനം ഇടതുമുന്നണി യോഗത്തില്‍ പ്രശ്നമുണ്ടാക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് രൂക്ഷമായ തര്‍ക്കം ഉന്നയിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ നാലംഗ സമിതിയാണ് പത്ത് അപേക്ഷകള്‍ തിരഞ്ഞെടുത്തത്. ഇതും അയയ്ക്കാനാവില്ലെന്നായിരുന്നു മുഖ്യമന്ത്രി കടുംപിടിത്തം പിടിച്ചത്. ഇക്കാര്യത്തില്‍ കര്‍ശനമായ നടപടിയുണ്ടാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്ന് വിഎസ് സിപിഎം പൊളിറ്റ് ബ്യൂറോയില്‍ അഭയം തേടി.

ഇടതുമുന്നണിയുടെ അനുവാദത്തോടെ അപേക്ഷകള്‍ എത്രയും വേഗം കേന്ദ്രത്തിനു സമര്‍പ്പിക്കാനായിരുന്നു പൊളിറ്റ് ബ്യൂറോയുടെ നിര്‍ദ്ദേശം. ഘടകകക്ഷികളുടെ എതിര്‍പ്പെന്ന അവസാന പിടിവളളിയിലായിരുന്നു വിഎസ് പിന്നെ പ്രതീക്ഷയര്‍പ്പിച്ചത്.

മുന്നണി യോഗത്തില്‍ യാതൊരു എതിര്‍പ്പും കൂടാതെ സെസ് അപേക്ഷകളുടെ കാര്യത്തില്‍ തീരുമാനമായപ്പോള്‍ അച്യുതാനന്ദന്‍ നയിച്ച മറ്റൊരു സമരത്തിന്റെ കൂടി കാറ്റ് പോവുകയാണ്.

എഡിബി വിവാദത്തിലും എച്ച്എംടി ഭൂമിയിടപാടിലും ആശയസമരത്തിന്റെ പേരില്‍ സിപിഎം മന്ത്രിമാരെ പൊതുമധ്യത്തില്‍ അവഹേളിക്കുന്ന നിലപാട് സ്വീകരിച്ചെങ്കിലും ഒടുവില്‍ പരാജയം നുണയാനായിരുന്നു മുഖ്യമന്ത്രിയുടെ വിധി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+