തോമസ്‌ ഐസക്‌ ഉട്ടോപ്യന്‍ ധനമന്ത്രിയാണെന്ന്‌ ഹസ്സന്‍
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് ബുദ്ധിജീവിയാണെന്ന് സ്വയം അവകാശപ്പെടുന്ന ഒരു മുറിവൈദ്യനാണെന്നും അദ്ദേഹത്തില് നിന്നും കോണ്ഗ്രസിന് ഒന്നും പഠിയ്ക്കാനില്ലെന്നും കെപിസിസി വക്താവ് എംഎം ഹസ്സന്.
ജനശ്രീമിഷന് നടപ്പാക്കുന്ന മൈക്രോ ഫിനാന്സ് പദ്ധതിയ്ക്കെതിരെ പ്രതികരിച്ച തോമസ് ഐസക് ഉമ്മന് ചാണ്ടിയ്ക്കും ഹസനും മൈക്രോഫിനാന്സിനെക്കുറിച്ച് ഒന്നുമറിയില്ലെന്നും അതില് നിന്നും അവര് പിന്മാറണമെന്നും നേരത്തേ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു ഹസന്.
കോണ്ഗ്രസുകാര് ജനശ്രീ പദ്ധതിയില് നിന്നും പിന്മാറണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടത് ഭയം കൊണ്ടാണ്. മാര്ക്സിസ്റ്റുകാര് ഉള്പ്പെടെ ജനശ്രീയില് ചേരുന്നതാണ് ഈ ഭയത്തിന് കാരണം. കുടുംബശ്രീയെ അമിതമായി രാഷ്ട്രീയവല്ക്കരിയ്ക്കുകയും ആവശ്യമായ ഫണ്ട് നല്കാതെ തളര്ത്തുകയും ചെയ്യുന്ന ഒരു ധനമന്ത്രിയാണ് ഐസക്.
2007-08 ബജറ്റില് കുടുംബശ്രീയ്ക്കുവേണ്ടി എത്ര രൂപ നീക്കിവച്ചു എന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില് ചോദിച്ചപ്പോള് ധമന്ത്രി മറുപടി പറഞ്ഞില്ല. കുടുംബശ്രീയെ സമ്പൂര്ണമായും മാര്ക്സിസ്റ്റ്വല്ക്കരിക്കാനുള്ള ശ്രമമാണ് ഐസകും കൂട്ടരും നടത്തുന്നത്. അതില്നിന്നും മാര്ക്സിസ്റ്റുകള് പിന്മാറുമോയെന്ന ചോദ്യത്തിന് ഐസക് മറുപടി പറണം- ഹസ്സന് ആവശ്യപ്പെട്ടു.
കേന്ദ്രസര്ക്കാറിന്റെ ഫണ്ട് സംഘടിപ്പിക്കാനാണ് ജനശ്രീ ശ്രമിക്കുന്നതെന്ന് ഐസകിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. ജനശ്രീ കേന്ദ്രത്തോട് ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രഫണ്ടും വിദേശഫണ്ടും തട്ടിയെടുത്തുവെന്ന ആരോപണം സ്വന്തം പാര്ട്ടിക്കാരില് നിന്നുതന്നെ കേള്ക്കേണ്ടിവന്നിട്ടുള്ള ആളാണ് ഐസക്. അദ്ദേഹം ഒരു ഉട്ടോപ്യന് ധനമന്ത്രിയാണെന്നാണ് എന്റെ അഭിപ്രായം- ഹസ്സന് തുറന്നടിച്ചു.












Click it and Unblock the Notifications