മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; അധ്യാപകന്‌ മര്‍ദ്ദനം
തിരുവനന്തപുരം: മദ്യം വാങ്ങാനായി പണം നല്കാഞ്ഞതിനെത്തുടര്ന്ന് അധ്യാപകനെ മര്ദ്ദിച്ച വിദ്യാര്ത്ഥികളെ സസ്പെന്റ് ചെയ്തു. സര്ക്കാര് സംസ്കൃത കോളെജിലെ ബിഎ രണ്ടാംവര്ഷ ന്യായവിഭാഗം വിദ്യാര്ത്ഥികളായ വേണുഗോപാല്, മണികണ്ഠന് എന്നിവരെയാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. കോളെജിലെ വേദാന്തവിഭാഗം അധ്യാപകനായ രവീന്ദ്രനെയാണ് ഇവര് മര്ദ്ദിച്ചത്. രാവിലെ മുതല്തന്നെ മദ്യപിച്ച് കോളെജ് പരിസരത്ത് ഇവരെക്കണ്ട കാര്യം രവീന്ദ്രന് പ്രിന്സിപ്പാളിനോട് പറഞ്ഞിരുന്നുവത്രേ.
ഇക്കാര്യം പറഞ്ഞ് പ്രിന്സിപ്പാളിന്റെ മുറിയില് നിന്നും പുറത്തേയ്ക്ക് വരുമ്പോഴാണ് വിദ്യാര്ത്ഥികള് മദ്യപിക്കാന് പണമാവശ്യപ്പെട്ട് വന്നത്. പണം നല്കാന് കൂട്ടാക്കാതെ രവീന്ദ്രന് വിദ്യാര്ത്ഥികളെ ശകാരിച്ചു. ഇതില് പ്രകോപിതരായ വിദ്യാര്ത്ഥികള് ഇദ്ദേഹത്തെ മര്ദ്ദിയ്ക്കുകയായിരുന്നു.
മര്ദ്ദനമേറ്റ രവീന്ദ്രനെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെത്തുടര്ന്ന് തിങ്കളാഴ്ച കോളെജ് കൗണ്സില് ചേര്ന്നിരുന്നു. സംഭവത്തെക്കുറിച്ച് വിദ്യാര്ത്ഥികള് തൃപ്തികരമായ മറുപടി നല്കിയില്ലെങ്കില് പുറത്താക്കാനുള്ള നടപടികള് സ്വീകരിക്കുമെന്ന് കോളെജ് അധികൃതര് പറഞ്ഞു.












Click it and Unblock the Notifications