ഗോധ്ര സംഭവം ആസൂത്രിതമെന്ന്‌ നാനാവതി കമ്മീഷന്‍
ഗാന്ധിനഗര്: ഗുജറാത്തിലെ ഗോധ്രയില് സബര്മതി എക്സ്പ്രസിന് തീവച്ച് 58 കര്സേവകരെ ചുട്ടുകൊന്ന സംഭവം ആസൂത്രിതമായിരുന്നെന്നും ഇതിന് പിന്നാലെയുണ്ടായ ഗുജറാത്ത് കലാപത്തില് മുഖ്യമന്ത്രി നരേന്ദ്രമോഡിയ്ക്ക് പങ്കില്ലെന്നും സംഭവത്തെക്കുറിച്ചന്വേഷിച്ച നാനാവതി-മേത്ത കമ്മീഷന് റിപ്പോര്ട്ടില് വ്യക്തമാക്കി.
സബര്മതി എക്സ്പ്രസിലുണ്ടായ തീപിടുത്തം തികച്ചും യാദൃശ്ചികമാണെന്ന സുപ്രീം കോടതി മുന്ജഡ്ജി യു.സി ബാനര്ജി കമ്മീഷന്റെ കണ്ടെത്തലിന് വിരുദ്ധമാണ് നാനാവതി റിപ്പോര്ട്ട്. 2002 ഫെബ്രുവരിയില് നടന്ന ദുരന്തത്തില് അയോധ്യയില് നിന്നും മടങ്ങിയ കര്സേവകരാണ് വെന്ത് മരിച്ചത്. സംഭവത്തെത്തുടര്ന്നുണ്ടായ കലാപത്തില് ആയിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.
നാനാവതി കമ്മീഷന് റിപ്പോര്ട്ടിന്റെ ആദ്യഭാഗം വ്യാഴാഴ്ച ഗുജറാത്ത് നിയമസഭയുടെ മേശപ്പുറത്തുവച്ചു. ഉമര്ജി മൗലവി എന്നയാളുടെ നേതൃത്വത്തില് ഗോധ്രയിലെ അമാന് അതിഥിമന്ദിരത്തിലായിരുന്നു തീവെപ്പുനടത്താന് ഗൂഡാലോചന നടത്തിയെന്നും റസാഖ് കുര്ക്കര്, സലിം പന്വാല, ഷൗക്കത്ത് ലാലു, ഇമ്രാന് ഷേരി തുടങ്ങിയവരാണ് ഗൂഡാലോചനയില് പങ്കെടുത്തതെന്നുമാണ് കമ്മീഷന്റെ കണ്ടെത്തല്.
ഷൗക്കത്ത് ലാല, മുഹമ്മദ് ലാട്ടിക എന്നിവര് ചേര്ന്ന് തീവണ്ടിമുറികളെ തമ്മില് ബന്ധിപ്പിക്കുന്ന വെസ്റ്റിബ്യൂളുകള് മുറിച്ചുമാറ്റിയെന്നും അതിലൂടെയാണ് അക്രമികള് വണ്ടിയ്ക്കുള്ളില് കയറി പെട്രോള് ഒഴിച്ചതെന്നും റിപ്പോര്ട്ടില് പറയുന്നു. ഹസ്സന് എന്നയാളാണ് വണ്ടിയിലേയ്ക്ക് തീപ്പന്തം എറിഞ്ഞത്. ഉള്ളിലുള്ളവര് പുറത്തിറങ്ങുന്നത് തടയാന് 20മിനിറ്റ് വണ്ടിക്കുനേരെ ശക്തമായ കല്ലേറുണ്ടായതായും പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനായാണ് അക്രമം ആസൂത്രണം ചെയ്തതെന്നും കമ്മീഷന് പറയുന്നു.
കര്സേവകരുടെ മടക്കയാത്രയെക്കുറിച്ച് ഇന്റലിജന്സ് റിപ്പോര്ട്ടൊന്നുമില്ലാതിരുന്നതുകൊണ്ടാണ് ഗോധ്രയില് പൊലീസിന് മുന്കരുതെലുടുക്കാന് കഴിയാതിരുന്നതെന്നും റിപ്പോര്ട്ടില് പറയുന്നുണ്ട്. ഗോധ്ര കലാപത്തില്പ്പെട്ടവരെ സംരക്ഷിക്കുന്നതിലും പുനരധിവസിപ്പിക്കുന്നതിലും മുഖ്യമന്ത്രി നരേന്ദ്രമോഡിയോ മന്ത്രിമാരോ പൊലീസോ വീഴ്ചവരുത്തിയതായി തെളിവില്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്.
ഗോധ്ര കൂട്ടക്കൊലയും ഗുജറാത്ത് കലാപവും അന്വേഷിക്കാന് 2002 മാര്ച്ചിലാണ് സംസ്ഥാന സര്ക്കാര് മുന്സുപ്രിം കോടതി ജഡ്ജി ജിടി നാനാവതിയും കെജി ഷായുമടങ്ങുന്ന കമ്മീഷനെ നിയോഗിച്ചത്. കെജി ഷാ മരിച്ചപ്പോള് ആ സ്ഥാനത്ത് അക്ഷയ് മേത്തയെ നിയമിച്ചു. 168 പേജുള്ള റിപ്പോര്ട്ടിന്റെ രണ്ടാം ഭാഗം ഡിസംബറില് പുറത്തുവരും.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications