ഒന്നരമാസമുള്ള കുഞ്ഞിന്റെ വയറ്റില്‍ നിന്നും ഭ്രൂണം നീക്കം ചെയ്‌തു
കൊല്ക്കത്ത: ഒന്നരമാസം പ്രായമുള്ള ആണ്കുഞ്ഞിന്റെ വയറ്റില് നിന്നും ഭ്രൂണം നീക്കം ചെയ്തു. കൊല്ക്കത്തയിലെ മൊമിന്പൂരിലുള്ള ബിലോണ നഴ്സിങ് ഹോമിലാണ് ശസ്ത്രക്രിയ നടത്തിയത്. ഒന്നരമാസം മാത്രം പ്രായമുള്ള ജുനൈദ് ആലമിനെ തുടര്ച്ചയായുണ്ടായ ശ്വാസതടസ്സത്തെത്തുടര്ന്നാണ് മാതാപിതാക്കള് ആശുപത്രിയില് എത്തിച്ചത്.
ഇവിടെ നടത്തിയ പരിശോധനകളില് കുഞ്ഞിന്റെ വയറിനുള്ളില് ഒരു മുഴയുള്ളതായി കണ്ടെത്തി. ഇത് കാന്സറാകാമെന്നും കുട്ടി രക്ഷപ്പെടാനിടയില്ലെന്നുമായിരുന്നു ഡോക്ടര്മാരുടെ നിഗമനം. ശസ്ത്രക്രിയ നടത്തിയാലും കുഞ്ഞ് ജീവിക്കാനുള്ള സാധ്യത വെറും അഞ്ചു ശതമാനം മാത്രമാണെന്ന് ഡോക്ടര്മര് മാതാപിതാക്കളെ അറിയിച്ചു.
അച്ഛനമ്മമാരുടെ സമ്മതത്തോടെ സെപ്റ്റംബര് 22ന് ആലമിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. യഥാര്ത്ഥത്തില് എല്ലാവരും ഞെട്ടിയത് ശസ്ത്രക്രിയയ്ക്ക് ശേഷമാണെന്ന് ചികിത്സയ്ക്ക് നേതൃത്വം നല്കിയ ഡോക്ടര് പ്രഫുല്ല കുമാര് മിശ്ര പറയുന്നു. കുട്ടിയുടെ വയറ്റില് നിന്നെടുത്ത മുഴയ്ക്ക് ഒന്നരകിലോയോളം തൂക്കമുണ്ടായിരുന്നു.
ഇത് വെട്ടിയെടുക്കാന് ശ്രമിക്കവേയാണ് ഡോക്ടര്മാര് പാതിവളര്ച്ചയെത്തിയ ഭ്രൂണമാണിതെന്ന് തിരിച്ചറിഞ്ഞത്. ഭ്രൂണത്തിന്റെ ലിംഗം വ്യക്തമായിരുന്നില്ല. പക്ഷേ രണ്ട് കാലുകളും കൈകളും വളര്ച്ച പ്രാപിച്ചിരുന്നുവെന്ന് ഡോക്ടര്മാര് പറയുന്നു. ശസ്ത്രക്രിയ വിജയകരമായിത്തന്നെ പൂര്ത്തിയാക്കി. ആരോഗ്യം വീണ്ടെടുത്തുവരുകയാണെങ്കിലും ആലം ഇപ്പോഴും ഡോക്ടര്മാരുടെ നിരീക്ഷണത്തിലാണ്.
ചണ്ഡിഗഡ് സ്വദേശിയായ കസൂറിന്റെയും ഭാര്യയുടെയും അഞ്ചാമത്തെ കുഞ്ഞാണ് ആലം. അമ്മയുടെ വയറ്റില് വച്ചുതന്നെ ഇരട്ടഭ്രൂണങ്ങളില് ഒന്ന് മറ്റൊന്നിന്റെ ഉള്ളില് പ്രവേശിച്ച് വളരുന്നതുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഡോക്ടര്മാര് പറയുന്നു.
വളരെ അപൂര്വ്വമായാണ് ഇത്തരം സവിശേഷമായ അവസ്ഥയുണ്ടാകുന്നതെന്നും ഡോക്ടര്മാര് പറയുന്നു. ലോകത്തിന്നേവരെ ഇത്തരം തൊണ്ണൂറോളം സംഭവങ്ങള് ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. ഇതിന് മുമ്പ് മുംബൈയിലെ ടാറ്റ മെമ്മോറിയില് ആശുപത്രിയില് ഇത്തരത്തിലൊരു സംഭവം റിപ്പോര്ട്ട് ചെയ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications